മലമ്പുഴയില്‍ ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് കലക്ഷന്‍
മലമ്പുഴ: മലമ്പുഴയില്‍ ആറു പതിറ്റാണ്ടിനു ശേഷം തുറന്ന സാഡില്‍ഡാം കാണാന്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. സന്ദര്‍ശകര്‍ക്കായി കൊടുത്തു. വിനോദ സഞ്ചാരികള്‍ക്ക് ഉദ്യാനഗരിയുടെ ആസ്വാദത്തിനപ്പുറം കാനനഭംഗിയും അണക്കെട്ടിന്റെ തനതായ വശ്യ സൗന്ദര്യവുമാസ്വദിക്കാന്‍ വേണ്ടിയാണ് ഉദ്യാനത്തിനകത്തെ സാഡില്‍ഡാമും ഗവര്‍ണര്‍ സ്ട്രീറ്റും 60 പിറന്നാളിനു മുന്നോടിയായി സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ള വലുതും ചെറുതുമായ നിരവധി തുരുത്തുകളും ഉദയ അസ്തമയ സൂര്യന്റെ കാഴ്ചകള്‍ക്കപ്പുറം കാട്ടാനകളുടെ വിഹാരകേന്ദ്രമായ സമീപത്തെ കാടും ഇപ്പോള്‍ സാഡില്‍ഡാമിന്റെ അണക്കെട്ടില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും.
വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവും അതീവ സുരക്ഷാ മേഖലയു മായതിനാലാണ് അറുപത് വര്‍ഷത്തോളമായി സാഡില്‍ ഡാമിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം ടൂറിസം വകുപ്പ് നിഷേധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിനു ഭംഗം വരാത്തവിധത്തിലാണ് സാഡില്‍ഡാമിലേക്കുള്ള പ്രവേശനം സജ്ജീകരിച്ചിട്ടുള്ളത്. വനമേഖലയെ പൂര്‍ണമായും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് ഡാമിലെത്താന്‍ പ്രത്യേകം വഴിയുമൊരുക്കിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ അണക്കെട്ടില്‍ നിന്നും തുടങ്ങി ഏകദേശം അഞ്ചു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് സാഡില്‍ഡാം.
പടയോട്ടം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം സാഡില്‍ഡാം പരിസരത്തേക്ക് സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും അനുമതിയില്ലായിരുന്നു. സമീപത്തെ ഗവര്‍ണര്‍ സ്ട്രീറ്റും പത്തു വര്‍ഷത്തോളമായി അറ്റകുറ്റ പണികളുടെ പേരില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ സ്ട്രീറ്റിനെ പരിസ്ഥിതി സൗഹാര്‍ദമേഖലയാക്കി മാറ്റിയിരുന്നു. പ്രകൃതിയുടെ തനതായ രീതിയിലുള്ള കരവിരുതിനു കോട്ടം വരാത്ത തരത്തിലുള്ള നിരവധി ശില്പങ്ങളും സന്ദര്‍ശകരുടെ ആസ്വാദനത്തിനായി മുളകള്‍ കൊണ്ടു നിര്‍മിച്ച ഇരിപ്പിടങ്ങളും ഗവര്‍ണര്‍ സ്ട്രീറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.
ടൂറിസം പൊലിസിന്റെ പട്രോളിങ്ങിനു പ്രദേശത്ത് നിരവധി സുരക്ഷാ ജീവനക്കാരെയും ജലസേചനവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഉദ്യാനത്തിലേക്ക് റോക്ക് ഗാര്‍ഡനു മുന്നിലൂടെ പ്രവേശിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കുന്നുണ്ട്. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ധ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു.
കഴിഞ്ഞ ദീപാവലി ദിനത്തില്‍ മാത്രം ഉദ്യാനത്തിലെത്തിയ 11300 സന്ദര്‍ശകരിലൂടെ 1,10,000 രൂപയാണ് ടൂറിസം വകുപ്പിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."