ബംഗളൂരു എഫ്.സിയുടെ സ്വപ്‌നം പൊലിഞ്ഞു: എ.എഫ്.സി കിരീടം ഇറാഖ് എയര്‍ഫോഴ്‌സിന്
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: ചരിത്രവിജയം പ്രതീക്ഷിച്ചു കാത്തിരുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളെയാകെ നിരശരാക്കി ബംഗളൂരു എഫ്.സി ക്ലബ്ബ് എതിരില്ലാത്ത ഒരു ഗോളിന് ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബിനു മുന്നില്‍ മുട്ടുമടക്കി. ചരിത്രത്തിലാദ്യമായി എ.എഫ്.സി ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ക്ലബ്ബായ ബംഗളൂരു ടീമിന് റണ്ണേഴ്‌സ് അപ്പ് ട്രോഫി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇറാഖ് ടീമിന്റെ ഹമദി അഹമ്മദിലൂടെ 70ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. ആദ്യമായി എ.എഫ്.സി കപ്പ് നേടുന്ന ഇറാഖി ക്ലബ്ബ് എന്ന ബഹുമതിയോടെ എയര്‍ഫോഴ്‌സ് പുതിയ ചരിത്രമായി.
എ.എഫ്.സി ഫൈനലില്‍ എത്തുന്ന രണ്ടാമത്തെ ഇറാഖി ക്ലബ്ബാണ് എയര്‍ഫോഴ്‌സ്. തുടക്കം മുതല്‍ ഒടുക്കം വരെ തികഞ്ഞ ആധിപത്യം പുലര്‍ത്തിയ ഇറാഖ് ക്ലബ്ബ് അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്. സുനില്‍ ഛേത്രി നടത്തിയ ചില മുന്നേറ്റങ്ങളൊഴിച്ചാല്‍ കളിയുടെ ഭൂരിഭാഗം സമയവും പന്ത് ബംഗളൂരുവിന്റെ കളത്തിനകത്തായിരുന്നു. ഗാലറിയുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും ബംഗളൂരു ടീം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
ഇറാഖി എയര്‍ഫോഴ്‌സ് ക്ലബ്ബ് നിരവധി അവസരങ്ങള്‍ തുലച്ചില്ലായിരുന്നെങ്കില്‍ ഇതിലും കനത്ത പരാജയം ബംഗളൂരു നേരിടേണ്ടി വരുമായിരുന്നു. ഇരു ടീമുകളുടെയും മധ്യനിര തികഞ്ഞ പരാജയമായിരുന്നു. കളിയുടെ 10ാം മിനിറ്റില്‍ തന്നെ ഇറാഖി താരം അജംദ് റാദിയ്ക്ക മനോഹരമായ അവസരമാണ് ലഭിച്ചത്. വളഞ്ഞുപുളഞ്ഞു പറന്നൊരു ഫ്രീ കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. 27ാം മിനിറ്റില്‍ ഇറാഖിന്റെ തുറുപ്പ്ചീട്ട് ഹുമാം താരിഖിന് പരുക്കേറ്റ് പുറത്തു പോകേണ്ടി വന്നു. പകരം ഇറങ്ങിയത് ഉസാമ അലിയായിരുന്നു. 40ാം മിനിറ്റില്‍ അംജ് റാദി മറ്റൊരു അവസരം കൂടി പാഴാക്കി.
ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കി നില്‍ക്കേ ഇറാഖി താരം താഴ്ത്തിയടിച്ച ഷോട്ട് ബംഗളൂരു ഗോള്‍ കീപ്പര്‍ ലാല്‍തുമ്മാവി റാല്‍ത്തെ തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയില്‍ ഇറാഖ് ടീം ബംഗളൂരു ഗോള്‍മുഖത്തേക്ക് നിരന്തര ആക്രമണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുറ്റിനകം തന്നെ എയര്‍ ഫോഴ്‌സ് ക്ലബ്ബിന്റെ കുന്തമുനയായ റാദിക്ക് പെനല്‍റ്റി ബോക്‌സിനകത്ത് മറ്റൊരു മികച്ച അവരം കൂടി ലഭിച്ചു. തുടര്‍ന്ന് ബംഗളൂരുവിന്റെ പ്രത്യാക്രമണമായിരുന്നു. സുനില്‍ ഛേത്രി നല്‍കിയ മനോഹരമായ ഒരു പാസ് ഇറാഖി പ്രതിരോധനിരയിലെ അലി അല്‍സഅദി തടഞ്ഞില്ലായിരുന്നുവെങ്കില്‍ യൂജന്‍സന്‍ ലിങ്‌ദോയ്ക്ക് ഗോളാക്കാമായിരുന്നു. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോര്‍ണറില്‍ നിന്ന് സഅദ് നാതിഖ് കണക്ട് ചെയ്‌തെടുത്ത ഹെഡ്ഡര്‍ റാല്‍ത്തെ പറന്നു വീണ് തടുത്തു. അതിനിടെ കോച്ച് അല്‍ബര്‍ട്ട് ഡോക്ക സെമിന്‍ലന്‍ ഡംഗലിനെയും ഉദന്ത സിങിനെയും പകരക്കാരായി ഇറക്കി. തൊട്ടു പിന്നാലെയായിരുന്നു ഗാലറിയെയും ബംഗളൂരു ടീമിനെയും സ്തബ്ദരാക്കി ഇറാഖിന്റെ വിജയഗോള്‍ പിറന്നത്. 70ാം മിനിറ്റില്‍ എയര്‍ഫോഴ്‌സിന്റെ അഹ്മദ് ഖദീം ബംഗളൂരുവിന്റെ മൂന്ന് പ്രതിരോധനിര താരങ്ങളെയും ഗോളിയെയും വെട്ടിച്ചാണ് ഹമ്മാദിക്ക് ബോള്‍ നല്‍കിയത്. വല കുലുക്കാന്‍ ഹമ്മാദിക്ക് ചെറുതായി ഒന്ന് കാല്‍വച്ച് കൊടുക്കുകയേ വേണ്ടിവന്നുള്ളു.
ടൂര്‍ണമെന്റിലെ ഹമ്മാദിയുടെ 16ാമത്തെ ഗോളായിരുന്നു അത്. തൊട്ടടുത്ത നിമിഷം തന്നെ റാദി ഒരു തവണ കൂടി വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ബംഗളൂരു ടീം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 89ാം മിനിറ്റില്‍ കാമറണ്‍ വാട്ട്‌സന്റെ കോര്‍ണര്‍ കിക്ക് കണക്ട് ചെയ്യാനുള്ള മലയാളി താരം സി.കെ വിനീതിന്റെ ശ്രമം പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഫലം മറ്റൊന്നായേനെ.
ഏഴ് മിനിറ്റോളം നീണ്ട എക്‌സ്ട്രാ ടൈമില്‍ ബംഗളൂരു ടീമിന്റെ രണ്ട് ശ്രമം കൂടി പരാജയത്തില്‍ കലാശിച്ചു. ഇതോടെ എ.എഫ്.സി കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബ് എന്ന ബഹുമതി ചുണ്ടിനും കപ്പിനും ഇടയില്‍ ബംഗളൂരു എഫ്.സിക്ക് നഷ്ടമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."