പ്രശ്‌നത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇടപെട്ടു
തിരൂര്‍: തിരുന്നാവായ താഴത്തറ കോളനിയിലെ 17 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടും അധികൃതര്‍ കാര്യക്ഷമമായ വിധത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന പരാതിയെ തുടര്‍ന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: ഉമറുല്‍ ഫാറൂഖ് പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവം ഗൗരവകരമാണെന്ന് മനസിലാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായ പഞ്ചായത്ത് അധികൃതരും രോഗബാധിതരായ കുട്ടികളെ സന്ദര്‍ശിച്ചു രക്ഷിതാക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. രോഗബാധിതരായ കുട്ടികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇന്നലെ രാവിലെ എട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മഞ്ഞപ്പിത്തരോഗ ബാധിതരായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ഇവരുടെ രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ ആരായുകയുമായിരുന്നു.
അഞ്ച് കുട്ടികള്‍ക്കു മാത്രമാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരും ഡി.എം.ഒയും അറിയിച്ചിരുന്നത്. എന്നാല്‍ സംഘം താഴത്തറയില്‍ നടത്തിയ പരിശോധനയില്‍ 13 ലധികം കുട്ടികള്‍ക്ക് നിലവില്‍ രോഗ ബാധയുണ്ടെന്ന് വ്യക്തമായി. രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാേ്രതമ കുടിക്കാന്‍ ഉപയോഗിക്കാവൂവെന്നും മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. കുട്ടികളില്‍ നിന്നും ശേഖരിച്ച സിറം അഞ്ചു മിനുട്ട് കഴിഞ്ഞു നോക്കിയപ്പോഴേക്കും രക്തം മഞ്ഞ നിറമായി കണ്ടത് ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വെട്ടം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ ലാബ് ടെക്‌നീഷ്യന്‍ ആന്‍സിയുടെ നേതൃത്വത്തിലാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. ഉടന്‍ തന്നെ പരിശോധനാ ഫലം ലഭ്യമാക്കുമെന്നും ഇതിന് ശേഷം കുട്ടികള്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രോഗബാധിതരായ കുട്ടികളുടെ വീടുകളിലെ കിണറുകളിലെ വെള്ളവും സമീപത്തെ നാല് വീടുകളിലെ വെള്ളവും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ലാബുകളില്‍ പരിശോധനാ ഫലം ലഭ്യമാകാന്‍ കാലതാമസമെടുക്കുന്നതിനാല്‍ കുറ്റിപ്പുറത്തെ സ്വകാര്യ ലാബിലാണ് വെള്ളത്തിന്റെ ശുചിത്വം പരിശോധിക്കുന്നത്. ഇതിന്റെ ഫലം വരുന്നതോടെ തുടര്‍ നടപടികള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും ഡി.എം.ഒയുമായി കൂടിയാലോചിച്ച് അടിയന്തിര നടപടി കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഏടശ്ശേരി പറഞ്ഞു.
പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നത് രോഗബാധിതരായ കുട്ടികള്‍ താമസിക്കുന്ന വീടുകളുടെ മുന്‍വശത്തെ കനാലിലേക്കാണ് ' കനാലില്‍ വെള്ളം നിറയുമ്പോള്‍ ഈ കുടുംബങ്ങളിലെ കിണറുകളിലെ ജലനിരപ്പും ഉയരും. അതുകൊണ്ട് തന്നെ പുഴവെള്ളം മലിനമായതാണോ രോഗവ്യാപനത്തിന് കാരണമെന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും പ്രസിഡണ്ട് വ്യക്തമാക്കി. മെഡിക്കല്‍ ഓഫിസര്‍ അനില്‍ പിഷാരടി, എച്ച്, ഐ.ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ് ലിഫ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി അബ്ദുല്‍ ഖാദര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം മുളക്കല്‍ മുഹമ്മദലി, വാര്‍ഡ് അംഗം ടി.വേലായുധന്‍, ജെ.എച്ച് ഐമാര്‍, ആശാ വര്‍ക്കര്‍മാര്‍, എന്നിവരടങ്ങുന്ന സംഘമാണ് താഴത്തറയിലെ രോഗബാധിതരായ കുട്ടികളുടെ വീട് സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."