മകളുടെ വിവാഹ ദിവസം നിര്‍ധന യുവതിയുടെ വിവാഹത്തിന് സഹായം ചെയ്ത് പ്രവാസി വ്യവസായി
പെരിഞ്ഞനം: മകളുടെ വിവാഹ ദിവസം നാട്ടിലെ നിര്‍ധന യുവതിയുടെ വിവാഹത്തിനു സഹായം ചെയ്തു കൊടുത്ത് പ്രവാസി വ്യവസായി മാതൃകയായി. പെരിഞ്ഞനം സ്വദേശി കോലാന്ത്ര ഹരിലാലാണ് തന്റെ മകളുടെ വിവാഹദിവസം നിര്‍ധനയായ മറ്റൊരു യുവതിയുടെ വിവാഹത്തിനും സഹായം നല്‍കിയത്. വിവാഹച്ചിലവുകള്ക്ക് നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിയ പെരിഞ്ഞനം വെസ്റ്റ് സ്വദേശിയായ യുവതിക്കാണ് ഹരിലാലിന്റെ കാരുണ്യത്തില്‍ വിവാഹിതയാവാന്‍ കഴിഞ്ഞത്. വിവാഹത്തിനാവശ്യമായ അഞ്ച് പവന് സ്വര്‍ണ്ണാഭരണങ്ങളും സദ്യവട്ടങ്ങള്‍ക്കുള്ള ചിലവുകളുമാണ് ഹരിലാല്‍ നല്‍കിയത്. പെരിഞ്ഞനത്ത് നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്.
ഒപ്പം നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായവിതരണവും ചടങ്ങില്‍ നടന്നു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങള്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.എ വിജയന്, എ.ആര് രവീന്ദ്രന്, ജോഷി, സത്യനാഥന് മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുത്തു. ഞായറാഴ്ച്ചയാണ് ഹരിലാലിന്റെ മകള്‍ ഐശ്വര്യയും ഇരിങ്ങാലക്കുട ചെറാക്കുളം പ്രവികുമാറിന്റെ മകന് പ്രസൂണും തമ്മിലുള്ള വിവാഹം. ഇതെ ദിവസം തന്നെയാണ് പെരിഞ്ഞനത്തെ യുവതിയുടെ വിവാവും നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."