ഐരാണിക്കുളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യാത്രാ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു
മാള: ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യാത്രാസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു.
സ്‌കൂളിലേക്ക് എത്താന്‍ യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്ലസ്ടു വിഭാഗത്തില്‍ സീറ്റുകള്‍ അധികവും ഒഴിഞ്ഞ് കിടക്കുകയാണ്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പ്ലസ്ടുവിന് സീറ്റ് കിട്ടാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് പഠിക്കാന്‍ വിദ്യാര്‍ഥികളില്ലാത്ത ദുര്യോഗവുമായി ഐരാണിക്കുളം സ്‌കൂള്‍ പ്രയാസപ്പെടുന്നത്. എന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടേയും അധ്യാപരുടേയും പരാതി. ടൗണില്‍ നിന്ന് വളരെ അകലെയുള്ള ഈ സ്‌കൂളിലേക്ക് എത്താന്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യത്തിന് ഏറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്‌കൂളിന് മുന്നിലൂടെയുള്ള റോഡിലൂടെ ആകെ ഒരു ബസാണ് സര്‍വ്വീസ് നടത്തുന്നത്.
ഈ ബസ് രാവിലെ സ്‌കൂള്‍ സമയത്തല്ലാത്തത് കാരണം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. മാള,പൂപ്പത്തി,ഇളന്തിക്കര,പൊയ്യ,തുരുത്തിപ്പുറം,പാറപ്പുറം,കുഴൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഈ സ്‌കൂളില്‍ പഠിക്കാനെത്തുന്നുണ്ട്.മാളയില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ പാറപ്പുറം ജങ്ഷനിലും തുരുത്തിപ്പുറം ഭാഗത്തുനിന്നെത്തുന്ന വിദ്യാര്‍ഥികള്‍ മഠത്തുംപടി ബസ്സറ്റോപ്പിലും ഇറങ്ങി ഒരു കലോമീറ്റര്‍ കാല്‍നടയായി താണ്ടിയാണ് സ്‌കൂളിലെത്തുന്നത്. ഇത് കാരണം വിദ്യാര്‍ഥികള്‍ ഒരു പിരിയഡ് കഴിഞ്ഞാണ് സ്‌കൂളിലെത്തുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറ് ശതമാനം വിജയം നേടിയിട്ടും ഹൈസ്‌കൂള്‍ വിഭാഗത്തിലും വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണം യാത്രാ സൗകര്യങ്ങളില്ലത്തതാണെന്ന് അധ്യാപകര്‍ പരിഭവം പറയുന്നു. പ്ലസ് വണിന് സെലക്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളിലും പലരും യാത്രാ ദുരിതം കാരണം മറ്റ് സ്‌കൂളുകളിലേക്ക് മാറിപോകുകയാണ്.
അഞ്ച് മുതല്‍ പത്ത് വരെയുള്ള ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം നൂറില്‍ താഴെയാണ്. നേരത്തെ 2000 വിദ്യാര്‍ഥികള്‍ വരെ ഉണ്ടായിരുന്ന സ്‌കൂളാണിത്.
ഐരാണിക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏറെ കാലമായിട്ടുള്ള വിദ്യാര്‍ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസിനായി ഫണ്ട് അനുവദിക്കണമെന്ന് പി.ടി.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."