ഹെല്‍മറ്റ് ബോധവത്കരണവുമായി ഇരുചക്ര വാഹന റാലി
പാപ്പിനിശ്ശേരി: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവുമായി ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. വളപട്ടണം പൊലിസ്, വൈസ് മെന്‍സ് ക്ലബ് കാനന്നൂര്‍ മെട്രോ, വൈസ് മെന്‍സ് ക്ലബ് ഓഫ് ധര്‍മ്മശാല എന്നിവര്‍ സംയുക്തമായാണ് പുതിയതെരു ഹൈവേ ജങ്ഷന്‍ മുതല്‍ കല്ല്യാശ്ശേരി വരെ റാലി നടത്തിയത്. ഹെല്‍മറ്റ് ധരിക്കൂ, ജീവന്‍ രക്ഷിക്കൂ എന്ന പ്രമേയത്തില്‍ ഇന്നലെ രാവിലെ 10ന് പുതിയതെരുവില്‍ നിന്ന് ആരംഭിച്ച റാലിയില്‍ പൊലിസുകാരും ജനങ്ങളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. രണ്ടു മാസം മുന്‍പ് വളപട്ടണം പാലത്തിനു സമീപം പഴയങ്ങാടി ജങ്ഷനില്‍ ബൈക്കില്‍ യാത്ര ചെയ്യവേ വാഹനമിടിച്ചു മരിച്ച കീരിയാട് തോട്ടോന്‍ പുതിയപുരയില്‍ സലീമിന്റെ മാതാവ് റസിയ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇവര്‍ക്കുള്ള സാമ്പത്തിക സഹായം ഡിവൈ.എസ്.പി പി സദാനന്ദന്‍ കൈമാറി. പി.കെ ശ്രീമതി എം.പി പങ്കെടുത്തു. കല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ സെമിനാര്‍ എസ്.പി സഞ്ജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വളപട്ടണം സി.ഐ ടി.കെ രത്‌നകുമാര്‍ അധ്യക്ഷനായി. മെഡിസിറ്റി മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എസ് സുല്‍ഫിക്കര്‍ അലി എം.ഡി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. വൈ.എം.സി കാനന്നൂര്‍ മെട്രോ പ്രസിഡന്റ് സി മോഹനന്‍, മയ്യില്‍ എസ്.ഐ പി.ആര്‍ മനോജ്, കണ്ണപുരം എസ്.ഐ ബിനുമോഹന്‍, വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."