കോടികള്‍ക്കൊന്നും ഒരു വിലയുമില്ലേ...?
കാസര്‍കോട്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയോടു ചേര്‍ന്ന ബേക്കല്‍ ബീച്ചില്‍ രണ്ടുകോടി രൂപമുതല്‍ മുടക്കി നിര്‍മിച്ച ചെറു കൂടാരങ്ങള്‍ കാടുകയറി നശിക്കുന്നു. ടൂറിസം കേന്ദ്രത്തിലെത്തുന്നവര്‍ക്കു വിശ്രമിക്കാനും കടല്‍ കാഴ്ചകള്‍ ആസ്വദിക്കുന്നതിനും സൗകര്യപ്രദമായ രീതിയില്‍ നിര്‍മിച്ച ചെറു സിമന്റ് കൂടാരങ്ങളാണ് ഇപ്പോള്‍ ബീച്ചിനകത്തു സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായിയിരിക്കുന്നത്. ബേക്കല്‍ കേന്ദ്രീകരിച്ചു വിനോദ സഞ്ചാര സാധ്യത വികസിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതിന്റെ ഭാഗമായാണു പത്തോളം കൂടാരങ്ങള്‍ നിര്‍മിച്ചത്. രണ്ടുകോടി രൂപയിലധികം രൂപ ചെലവഴിച്ചു നിര്‍മിച്ച കൂടാരങ്ങള്‍ ഇപ്പോള്‍ അധികൃതര്‍ക്കു തന്നെ ബാധ്യതയായിരിക്കുകയാണ്.
ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെ ഒരറ്റത്തായാണു ചെറുകുടിലുകള്‍ നിര്‍മിച്ചിരുന്നത്. കടലിന് അഭിമുഖമായി നിര്‍മിച്ച കുടിലുകളില്‍ ഇരുന്നു കടല്‍കാഴ്ചകള്‍ കാണാനും കുട്ടികള്‍ക്കു കളിക്കാനും മറ്റുമായി വിശാലമായ മുറ്റം ഉള്‍പ്പെടെയായിരുന്നു നിര്‍മാണം.
എന്നാല്‍ നിര്‍മിച്ചു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഈ കുടിലുകളൊന്നും തന്നെ ഉപയോഗിക്കാനായിട്ടില്ല. ബേക്കല്‍ കോട്ടയിലെത്തുന്നവര്‍ക്ക് ഒരു കിലോമീറ്റര്‍ കടല്‍ക്കരയിലൂടെ നടന്നാല്‍ ബേക്കല്‍ ബീച്ചിലെത്താവുന്നതാണ്. മനോഹരമായി ബി.ആര്‍.ഡി.സി നിര്‍മിച്ചിരിക്കുന്ന പാര്‍ക്കില്‍ കാടുകയറിയ കൂടാരങ്ങളുടെ ഭാഗത്തേക്കു പോകാന്‍ പോലും യാത്രക്കാര്‍ മടിക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യമുണ്ടെന്നും പാര്‍ക്കിലെത്തുന്നവര്‍ പറയുന്നു.
ബേക്കല്‍ ബീച്ച് പാര്‍ക്കിലെ ഗേറ്റിനു മുന്നിലെ ഏതാനും കുടിലുകള്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ഒന്നര കോടി രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും പത്തോളം കുടിലുകള്‍ നവീകരിക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
നിര്‍മാണത്തിലെ അപാകതകള്‍ കാരണം ഏതാനും കുടിലുകള്‍ക്കു ചോര്‍ച്ചയുണ്ടായിരുന്നു. ഇവയാണ് ഇപ്പോള്‍ നവീകരണത്തിലൂടെ നേരെയാക്കിയിരിക്കുന്നത്. എന്നാല്‍ മേല്‍ക്കൂരയുടെ ഓടു തകര്‍ന്നും ഇഴജന്തുക്കള്‍ താമസമാക്കുകയും ചെയ്ത പത്തോളം കുടിലുകള്‍ അവഗണന നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."