ഉദ്ഘാടനം കാത്തു നമ്പ്യാര്‍ക്കാല്‍ പാലം
നീലേശ്വരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിനു റോഡ് പാലം നിര്‍മിച്ചെങ്കിലും ഗതാഗതത്തിനു തുറന്നു കൊടുത്തില്ല. മാസങ്ങള്‍ക്കു മുന്‍പു തന്നെ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാകാത്തതാണു ഉദ്ഘാടനം വൈകുന്നതിനു കാരണം. 6.20 കോടി രൂപ ചെലവിലാണു പാലം നിര്‍മിച്ചത്. 3.2 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നത്.
സാങ്കേതിക തടസത്തെത്തുടര്‍ന്നു കാലതാമസം വന്നതിനാല്‍ എസ്റ്റിമേറ്റു പുതുക്കുകയായിരുന്നു. നാലു മീറ്റര്‍ വീതിയാണു പാലത്തിനുള്ളത്. അനുബന്ധമായുളള ഷട്ടര്‍ അറ്റകുറ്റപ്പണി നടത്തിയതോടെ സമീപത്തെ വയലുകളില്‍ ഉപ്പുവെളളം കയറുന്നതും തടയാനായി. പളളിപ്രം ബാലന്‍ എം.എല്‍.എ യുടെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ന്നു വന്ന ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ യും ശ്രദ്ധ ചെലുത്തിയിരുന്നു.
1960 ല്‍ നിര്‍മിച്ച നമ്പ്യാര്‍ക്കാല്‍ അണക്കെട്ട് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായിരുന്നു. അണക്കെട്ടിന്റെ ഷട്ടറുകള്‍ കാലപ്പഴക്കത്തില്‍ ദ്രവിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്കു ഷട്ടറിന്റെ ചോര്‍ച്ച മൂലം കടലിലെ ഉപ്പുവെള്ളം പുഴയില്‍ കലര്‍ന്നു കൃഷി നാശത്തിനും ഇടയാക്കിയിരുന്നു.
ഇതിനെതിരേ നിരവധി തവണ നാട്ടുകാര്‍ അധികൃതരെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണു ഷട്ടര്‍ അറ്റകുറ്റപ്പണി നടന്നത്. അരയി, മോനാച്ച, കരാട്ടു വയല്‍, ഉപ്പിലിക്കൈ, കാര്‍ത്തിക തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകളില്‍ ഉപ്പുവെള്ളമാണു ലഭിച്ചിരുന്നത്. ഉപ്പു വെള്ളം കയറാതിരിക്കുന്നതിനു വേണ്ടിയാണ് കാഞ്ഞങ്ങാട് നഗരസഭയിലെ അരയിപ്പുഴയില്‍ പടന്നക്കാട് നമ്പ്യാര്‍ക്കാലില്‍ അണക്കെട്ട് നിര്‍മിച്ചത്.
പാലം ഗതാഗതത്തിനു തുറന്നുകൊടുത്താല്‍ പുതുക്കൈ പ്രദേശത്തെ യാത്രാ ദുരിതം പരിഹരിക്കപ്പെടും.
മൂലപ്പള്ളിയില്‍ റെയില്‍വേ മേല്‍പ്പാലം കൂടി നിര്‍മിച്ചാല്‍ മലയോരത്തു നിന്നുള്ള വാഹനങ്ങള്‍ക്കു നീലേശ്വരം നഗരം ചുറ്റാതെ കാഞ്ഞങ്ങാട് നഗരവുമായി ബന്ധപ്പെടാന്‍ കഴിയും. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എസ് പദ്ധതിയിലാണ് നമ്പ്യാര്‍ക്കാല്‍ പാലം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."