റേഷന്‍ കാര്‍ഡില്‍ നമുക്കും തെറ്റിയോ..?
റേഷന്‍കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷാഫോറം. വരുമാനം ചോദിക്കുന്ന കോളത്തില്‍ കൃത്യവരുമാനം എഴുതിയാല്‍ എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നുറപ്പാണ്. ഏതു ലിസ്റ്റിലുള്‍പ്പെട്ടാലും ആ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പാടില്ല. കാരണം, അതില്‍ പെട്ടുപോയാല്‍ 'ധനികനായി'പ്പോകും. ആനുകൂല്യങ്ങളില്‍ പലതും നഷ്ടപ്പെടാന്‍ അതുമതി. ദാരിദ്ര്യം തീരെ ഇഷ്ടമില്ലെങ്കിലും രേഖയില്‍ എന്നും ദരിദ്രന്‍ തന്നെയായിരിക്കണം. എന്നാലേ ദാരിദ്ര്യം തീരുകയുള്ളൂ...! ദാരിദ്ര്യം തീരാനും ദാരിദ്ര്യം വരാതിരിക്കാനും ദാരിദ്ര്യം കാണിക്കുക..!
എന്തു ചെയ്യണം..? അസത്യം പറഞ്ഞ് അനര്‍ഹമായതു വാരിക്കൂട്ടണോ അതോ സത്യം പറഞ്ഞ് അര്‍ഹമായതുമാത്രം വാങ്ങണോ..? സ്രഷ്ടാവായ ദൈവം തമ്പുരാന്‍ പറയുന്നു: സത്യം പറയുക, നിങ്ങള്‍ ദരിദ്രരാകില്ല. സാത്താന്‍ പറയുന്നു: സത്യം പറയരുത്. ദാരിദ്ര്യം കടന്നുകൂടും. സത്യം ദുഃഖമാണുണ്ണീ അസത്യമല്ലോ സുഖപ്രദം..
ആരുടെ പക്ഷം ചേരും..? ഇവ്വിഷയത്തില്‍ ജനം മൂന്നു പക്ഷക്കാരാണ്. ഒരു പക്ഷം സ്രഷ്ടാവ് പറഞ്ഞതനുസരിക്കുന്നു. അവര്‍ കൃത്യവരുമാനമാണ് എഴുതുന്നത്. അതിന്റെ പേരില്‍ അവര്‍ പട്ടിണി കിടക്കുന്നില്ല. സാമ്പത്തികമായി ഒരു മുട്ടും അനുഭവിക്കുന്നില്ല. അവര്‍ക്കു കണക്കാക്കപ്പെട്ട ഭക്ഷണം മുറപോലെ കിട്ടുന്നുണ്ട്. അവര്‍ക്കു സത്യം നെല്ലിക്കപോലെ ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന ഔഷധമാണ്. അവരാ മധുരം നുണയാന്‍ കയ്പ് സഹിക്കുന്നു. അവരുടെ കാര്‍ഡ് 'മേലെ' ആയതുപോലെ അവരും മേലെയാണ്. ഇനി അവരുടെ കാര്‍ഡ് താഴെയായാലും അവര്‍ മേലെയായിരിക്കും. അവരെക്കാള്‍ ഉന്നതര്‍ വേറാരുമില്ല.
സാത്താന്‍ പറഞ്ഞതനുസരിക്കുന്നവരാണ് രണ്ടാം വിഭാഗം. മനസില്‍ ദാരിദ്ര്യഭയം വിതച്ചാണ് അവന്‍ അവരെ വലയിലാക്കിയത്. അതിനാല്‍ അവര്‍ക്കു എപ്പോഴും ഭയമുണ്ടായിരിക്കും. അന്വേഷണങ്ങള്‍ വല്ലതും വന്നാല്‍ തങ്ങള്‍ പിടിക്കപ്പെടുമോ എന്ന ഭയം. ഇനിയൊരു പുതുക്കല്‍ നടപടി വരുമ്പോള്‍ തങ്ങള്‍ മേലെയായിപ്പോകുമോ എന്ന ഭയം. ആനുകൂല്യങ്ങള്‍ക്കൊപ്പം ഭയവും ഫ്രീ എന്ന അവസ്ഥ. അത്തരക്കാരുടെ കാര്‍ഡ് താഴെയാണെന്നപോലെ അവരും താഴെയാണ്. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും താഴെക്കിടയിലുള്ളവര്‍. അബദ്ധവശാലോ സുബദ്ധവശാലോ അവരുടെ കാര്‍ഡ് മേലെയായിപ്പോയാലും അവര്‍ താഴെയായിരിക്കും. അവര്‍ക്കു സത്യം കയ്ക്കുന്ന കഷായവും അസത്യം മധുരിക്കുന്ന പഞ്ചസാരയുമാണ്. കയ്പുണ്ടെന്നു പറഞ്ഞ് കഷായം ഒഴിവാക്കി മധുരിക്കുന്നെന്നു പറഞ്ഞ് പഞ്ചസാര വാരിത്തിന്നുന്നതിനാല്‍ അവര്‍ ആരോഗ്യം കേടാക്കുന്നു. രോഗത്തെ ചികിത്സിക്കുന്നുമില്ല. പുതിയ രോഗത്തെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. സത്യം പറഞ്ഞ് അര്‍ഹമായ അന്നം വാങ്ങാമായിരുന്നിട്ടും അസത്യം പറഞ്ഞ് അനര്‍ഹമായ അന്നം വാങ്ങി ജീവിതം 'സുഖപ്രദമാക്കുന്ന' ഇവരുടെ കാര്യം തികച്ചും സഹതാപാര്‍ഹം.
മൂന്നാം വിഭാഗം അല്‍പ്പം സംശയത്തിലാണ്. സത്യത്തിനൊപ്പം നില്‍ക്കണോ അതോ അസത്യത്തിനൊപ്പം നില്‍ക്കണോ എന്നാണവരുടെ സംശയം. സ്രഷ്ടാവിനൊപ്പം നില്‍ക്കണോ അതോ സാത്താന്റെ കൂടെ കൂടണോ..? എ.പി.എല്‍ അവരെ വല്ലാതെ പേടിപ്പിക്കുകയും ബി.പി.എല്‍ അതിയായി കൊതിപ്പിക്കുകയും ചെയ്യുന്നു. കുറേനേരം ആശയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിന്നുകൊണ്ട് ഒടുവില്‍ അവര്‍ ഇറങ്ങിവരുന്നത് തന്ത്രപരമായിട്ടാണ്. അതായത്, വരുമാന കോളത്തില്‍ ഒന്നുമെഴുതാതിരിക്കുക..! വല്ല വിധേനയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടുകിട്ടിയാല്‍ അവര്‍ സന്തോഷത്തോടെ പറയും. 'ഞങ്ങള്‍ മായം കാണിച്ചിട്ടില്ല. ഗവണ്‍മെന്റ് ഞങ്ങളെ ബി.പി.എല്‍ ആക്കിയതാണ്'. ഇനി എ.പി.എല്‍ ആയാല്‍ വിഷമം മനസില്‍ അടക്കി അവര്‍ പറയുന്നതിതായിരിക്കും. 'ഞങ്ങള്‍ സത്യം പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്കു അര്‍ഹതപ്പെട്ടതു മതി'. ഇത്തരക്കാര്‍ ഭീരുക്കളാണ്. നേരിനൊപ്പം നില്‍ക്കാന്‍ ധൈര്യമില്ലാത്തവര്‍. ഇവരുടെ കാര്‍ഡ് മേലെയായാലും താഴെയായാലും ഇവര്‍ മേലെയാവില്ല. ആണത്തം കാണിക്കാത്ത കാലത്തോളം ഇവര്‍ താഴെത്തട്ടില്‍ തന്നെ.
ഇനി ഒരു ചോദ്യം ചോദിക്കട്ടെ. അസത്യത്തിനെതിരേ പടപ്പുറപ്പാട് നടത്താന്‍ എല്ലാവരും തയാറാണല്ലോ. എന്നാല്‍ സത്യപാതയില്‍ അടിയുറച്ചു നില്‍ക്കാന്‍ തയാറുള്ള ആണ്‍കുട്ടികള്‍ എത്ര പേരുണ്ട്..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."