ക്ഷേമനിധി, കോര്‍ട്ട് ഫീ ബില്ലുകള്‍: അഭിഭാഷകരെ പ്രീതിപ്പെടുത്താന്‍ സാധാരണക്കാരെ പിഴിയുന്നു
തിരുവനന്തപുരം: അഭിഭാഷകരുടെ ക്ഷേമിനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിയമനിര്‍മാണം വഴി സര്‍ക്കാര്‍ ദ്രോഹിക്കുന്നത് സാധാരണക്കാരെ. പൊതുജനങ്ങള്‍ക്ക് നിയമസേവനത്തിന് ഇതുവരെ ലഭിച്ചിരുന്ന തുക തട്ടിയെടുത്ത് അഭിഭാഷകര്‍ക്കു കിട്ടുന്ന ആനുകൂല്യം വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളാണ് നിയമസഭ കഴിഞ്ഞ ദിവസം സബ്ജക്ട് കമ്മിറ്റിക്കു വിട്ട രണ്ടു ബില്ലുകളിലുള്ളത്.
വ്യാഴാഴ്ച നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ട കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലിലും കേരള കോര്‍ട്ട്ഫീ വ്യവഹാരസല ഭേദഗതി ബില്ലിലുമാണ് സാധാരണക്കാര്‍ക്ക് നിയമസഹായത്തിനുള്ള തുക എടുത്ത് അഭിഭാഷകരുടെ ആനുകൂല്യം വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളുള്ളത്. അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്ന ധനസഹായം അഞ്ചു ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥ 2016ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലിലുണ്ട്. 40 വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരുന്നവര്‍ക്കായിരിക്കും പരമാവധി തുകയായ 10 ലക്ഷം രൂപ ലഭിക്കുക.
അംഗങ്ങളുടെ സേവന കാലാവധി അനുസരിച്ചായിരിക്കും ധനസഹായത്തിന്റെ തോത്. ധനസഹായത്തിനൊപ്പം ക്ഷേമനിധിയിലേക്കുള്ള അംശാദായവും വര്‍ധിക്കും. ക്ഷേമനിധിയിലേക്ക് അംഗങ്ങള്‍ നല്‍കേണ്ടണ്ട പ്രതിവര്‍ഷ അംശാദായം 14,285 രൂപയില്‍ നിന്ന് 25,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ചികിത്സാസഹായം 5000 രൂപ എന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
അംഗങ്ങളില്‍ നിന്നുള്ള അംശാദായത്തിനു പുറമെ കോര്‍ട്ട് ഫീസും വ്യവഹാരസലയും വഴി സമാഹരിക്കുന്ന തുകയുടെ വിഹിതം കൂടി ക്ഷേമനിധിയിലേക്കു നല്‍കിയാണ് അഭിഭാഷകര്‍ക്ക് ധനസഹായത്തിനുള്ള തുക കണ്ടെത്തുന്നത്.
2016ലെ കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്ലില്‍ ഇപ്പോള്‍ വരുത്തുന്ന ഭേദഗതിയനുസരിച്ച് നിയമസഹായ നിധിയില്‍ വരുന്ന തുകയുടെ 70 ശതമാനം അഭിഭാഷക ക്ഷേമനിധിയിലേക്കും 30 ശതമാനം അഭിഭാഷക ഗുമസ്തരുടെ ക്ഷേമനിധിയിലേക്കുമായിരിക്കും പോകുക.
ഇത്തരത്തില്‍ നീക്കിവയ്ക്കുന്ന രണ്ടു വിഹിതത്തിന്റെയും 10 ശതമാനം വീതം വ്യവഹാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വിനിയോഗിക്കാനും വ്യവസ്ഥയുണ്ട്. സാധാരണക്കാര്‍ക്കുള്ള നിയമസേവനത്തിനു തുക നീക്കിവയ്ക്കാനുള്ള വ്യവസ്ഥ ബില്ലിലില്ല. നിലവില്‍ ഈ തുകയുടെ 50 ശതമാനം ക്ഷേമനിധിയിലേക്കും 50 ശതമാനം നിയമസേവന നിധിയിലേക്കുമാണ് നീക്കിവയ്ക്കുന്നത്.
നിയമത്തിലുള്ള നിയമസേവനമെന്ന വാക്കു തന്നെ ഒഴിവാക്കിക്കൊണ്ടാണ് ഭേദഗതി. ബില്‍ നിയമമാകുന്നതോടെ നിയമസേവനത്തിനു തുകയില്ലാത്ത അവസ്ഥയുണ്ടാകുമെന്നാണ് സൂചന. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞു ബില്‍ ബുധനാഴ്ച വീണ്ടും സഭയുടെ പരിഗണനയ്ക്കു വരുമെന്ന് അറിയുന്നു.
നിയമവ്യവസ്ഥയെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് അഭിഭാഷകര്‍ പേശീബലമുപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലെത്തുന്നതിനു തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്കു നിയമസേവനത്തിനു ലഭ്യമാകേണ്ടിയിരുന്ന തുക കൂടി എടുത്ത് അഭിഭാഷകരുടെ ക്ഷേമിനിധി ആനുകൂല്യം വര്‍ധിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ബില്‍ വ്യവസ്ഥകളുടെ അനന്തരഫലം എന്തായിരിക്കുമെന്ന കാര്യം വേണ്ട രീതിയില്‍ ജനങ്ങളിലെത്താത്തതു കാരണം ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നുവന്നിട്ടില്ല. വ്യവസ്ഥകളില്‍ വിയോജിപ്പുള്ള രാഷ്ട്രീയ കക്ഷികള്‍ പോലും അഭിഭാഷക സമൂഹത്തിന്റെ അപ്രീതി ഭയന്ന് ഇക്കാര്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്കു രംഗത്തു വരാന്‍ സാധ്യതയില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."