ദൈവനിന്ദാ കേസ്: പ്രതിയെ വിട്ടയക്കണമെന്ന കാനഡയുടെ ആവശ്യം സഊദി തള്ളി
റിയാദ്: ദൈവനിന്ദാ കേസില്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട പ്രതിയെ വിട്ടയക്കണമെന്ന കാനഡയുടെ ആവശ്യം സഊദി അറേബ്യ തള്ളി. ദൈവനിന്ദ കേസില്‍ ശിക്ഷ നേരിടുന്ന സഊദി യുവാവ് റായിഫ് ബദവിയെ വിട്ടയക്കണമെന്നും കാനഡയിലെ കുടുംബങ്ങളെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കാനഡ രംഗത്തെത്തിയതിനു പിന്നാലെയാണ് ആവശ്യം തള്ളി സഊദി ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
ആവശ്യം ഉന്നയിച്ചു കനേഡിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ ഡയണ്‍ ഒട്ടാവയിലെ സഊദി എംബസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയാണ് റായിഫ് ബദവിക്ക് ജയില്‍ ശിക്ഷ നല്‍കിയതെന്നും പ്രതി സഊദി പൗരനാണെന്നും വ്യക്തമാക്കിയാണ് കാനഡയുടെ ആവശ്യം തള്ളിയത്. കാനഡയിലെ ജയിലിലുള്ള കനേഡിയന്‍ പൗരനെ വിട്ടയക്കണമെന്ന് സഊദി ആവശ്യപെട്ടാല്‍ കനേഡിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുമോയെന്നു ഒട്ടോവയിലെ സഊദി അംബാസിഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരി ചോദിച്ചു.
എന്നാല്‍ റായിഫ് ബദവിയെ വിട്ടയക്കാന്‍ സഊദി സര്‍ക്കാറിനോട് നേരിട്ട് ആവശ്യപ്പെടുമെന്നും സഊദി നേതാക്കളുമായി നേരിട്ട് സംസാരിക്കാന്‍ ശ്രമിക്കുമെന്നും കനേഡിയന്‍ വിദേശ കാര്യ മന്ത്രി സ്റ്റീഫന്‍ഡയന്‍ പിന്നീട് വ്യക്തമാക്കി. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയില്‍ പുറമെ നിന്നുള്ള ആരെയും കൈകടത്താന്‍ അനുവദിക്കില്ലെന്നും കോടതിക്കു മുന്നിലെത്തുന്ന എല്ലാ കേസുകളും ഒരേ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ വിവേചനങ്ങളോ പക്ഷപാതിത്വങ്ങളോ കാണിക്കാറില്ലെന്നും സഊദി അറേബ്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."