അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം പദ്ധതി ഉപേക്ഷിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ സ്വഭാവിക ജലസ്രോതസായ ഇടവെട്ടിച്ചിറ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനായി തറക്കല്ലിട്ടശേഷം നാശത്തിലേയ്ക്ക് നീങ്ങിയ ചിറ അടുത്തിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിച്ചിരുന്നു.
ആദ്യപടിയായി വെള്ളം നിറഞ്ഞുകിടക്കുന്ന ചിറ മാര്‍ച്ച് ആദ്യത്തോടെ ജലനിരപ്പ് താഴ്ത്തി വറ്റിക്കും. തുടര്‍ന്ന് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ഏപ്രില്‍, മെയ് മാസങ്ങളില്‍ പരമാവധി ചെളി കോരി മാറ്റും. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെയും തൊഴിലുറപ്പ്പദ്ധതി പ്രകാരമുള്ള മെറ്റീരിയല്‍ കോസ്റ്റും ഉപയോഗപ്പെടുത്തി തകര്‍ന്നുകിടക്കുന്ന സംരക്ഷണഭിത്തികള്‍ പുനര്‍നിര്‍മിക്കും. ചിറയിലേക്ക് കരയില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്നത് നിയന്ത്രിക്കാന്‍ ചുറ്റിലും ഓടകളും നിര്‍മിക്കും. ചിറയുടെ ചുറ്റും തണല്‍മരങ്ങളും വെച്ചുപിടിപ്പിക്കും. പഞ്ചായത്ത് ഭരണസമിതി വിശദമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കി 15 ദിവസത്തിനകം നല്‍കാനും എംപി നിര്‍ദേശിച്ചു. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ജനപ്രതിനിധികളും സാമൂഹ്യ-സാമുദായിക സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റിക്ക് രൂപം നല്‍കി. എം പി, എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളുമാണ്.
അഴിമതിയും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയൂം മൂലം ഇടവെട്ടിച്ചിറ വാട്ടര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. 2008 ഡിസംബര്‍ 19 ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം. വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണ മില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
വാട്ടര്‍ സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കമുള്ള വ്യക്തികള്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്. മനോഹരമായ ചിറയില്‍ യാതൊരു പ്ലാനുമില്ലാതെ കല്ലിട്ട് കുളമാക്കിയതല്ലാതെ രണ്ടേക്കര്‍ 63 സെന്റ് വിസ്തൃതിയിലുള്ള സ്വാഭാവിക ജലസ്രോതസായ ഇടവെട്ടി ചിറ നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാതെ നശിക്കുകയായിരുന്നു. ചിറ വറ്റിവരണ്ട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഒന്നാംവാര്‍ഡ് ഗ്രാമസഭായോഗം ചേര്‍ന്ന് നാട്ടുകാര്‍ ചിറസംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. അശാസ്ത്രീയ നിര്‍മാണം നീക്കം ചെയ്തതോടെ ചിറയില്‍ വെള്ളം നിറഞ്ഞു. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രവര്‍ത്തകരാണ് ചിറയിലെ മാലിന്യം നീക്കം ചെയ്തത്.
ചിറപുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍, പ്രമോദ് ചിറച്ചാലില്‍, ഗിരീഷ് പുതിയേടത്ത് എന്നിവരെ ഇടവെട്ടിച്ചിറ വാര്‍ഡിന്റെ ഉപഹാരം നല്‍കി എം.പി ആദരിച്ചു. ഒന്നും പന്ത്രണ്ടും വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള യൂനീഫോമിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും വിതരണവും എം.പി നിര്‍വഹിച്ചു. കലക്ടര്‍ ജി.ആര്‍ ഗോകുല്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."