ഭാഗാധാര സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന ഭാഗികമായി ഒഴിവാക്കി
തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മില്‍ കൈമാറുന്ന ഭൂമിയുടെ ഭാഗാധാരത്തിനും ഇഷ്ടദാനപത്രത്തിനും ഒഴിമുറിക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന സര്‍ക്കാര്‍ ഭാഗികമായി ഒഴിവാക്കി. ഇത്തരം കൈമാറ്റങ്ങള്‍ക്ക് ഇനി അഞ്ചേക്കര്‍ വരെ പരമാവധി ആയിരം രൂപ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയാല്‍ മതി. അഞ്ചേക്കറിനു മുകളില്‍ ഒരു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം.
ഇത് പൂര്‍ണമായും പഴയ സ്ഥിതിയിലാക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സബ്ജക്ട് കമ്മിറ്റിയില്‍ അംഗീകരിച്ച ഇളവുകള്‍ മാത്രമാണ് നല്‍കുന്നതെന്ന് നിയമസഭയില്‍ ധനകാര്യ ബില്‍ ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ ധനമന്ത്രി ടി.എം തോമസ് ഐസക് വ്യക്തമാക്കി. പത്തു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത സെസില്‍ നിന്ന് കെ. എസ്. ആര്‍.ടി.സിയുടെ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് ഭക്ഷണസാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാറ്റ് സെസിന്റെ പേരിലുള്ള ഭയാശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഏതു റസ്റ്റോറന്റിലും നാലു ബ്രാന്‍ഡുകള്‍ക്കു മാത്രമാണ് ഈ സെസ്. കൈത്തറി വസ്തുക്കളുടെ നികുതിയില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനം നെയ്ത്തുകാര്‍ക്ക് സബ്‌സിഡിയായി നല്‍കും. കര്‍ണാടകയില്‍ ഉപയോഗിക്കുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് വീണ്ടും നികുതി ഈടാക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. ക്രമക്കേട് കാട്ടിയ മഞ്ജു ലോട്ടറി ഏജന്‍സീസിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കുന്ന കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാനാവില്ല. പ്രതിപക്ഷം ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കില്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് സഭയുടെ അടുത്ത സമ്മേളനത്തില്‍ തീരുമാനിക്കാം. ഫ്‌ളാറ്റ് കൈമാറ്റം ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം വില നിര്‍ണയത്തിന് അംഗീകാരം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. സ്വകാര്യ എന്‍ജിനിയര്‍ക്കു പോലും സാക്ഷ്യപത്രം നല്‍കുന്നതിനുള്ള അധികാരമുണ്ട്. അതുകൊണ്ട് വിലനിര്‍ണയ നടപടിയില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ധനകാര്യ ബില്‍ പിന്നീട് സഭ വോട്ടിനിട്ടു പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."