അന്തരീക്ഷ മലിനീകരണം; കേന്ദ്രം സഹായിക്കണമെന്നു ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള പുതിയ പദ്ധതി ഡല്‍ഹി മന്ത്രിസഭ വെള്ളിയാഴ്ച ചര്‍ച്ചചെയ്യും. വെള്ളിയാഴ്ചവരെയുള്ള സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഉചിതമായ നടപടി സ്വീകരിക്കുന്നതെന്നു സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ റോഡിലെ പൊടിപടലങ്ങള്‍ കഴുകിനീക്കുന്നുണ്ടെങ്കിലും കൃത്രിമ മഴ സൃഷ്ടിക്കുക മാത്രമാണ് പോംവഴിയെന്നും ഇതിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നും മന്ത്രി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നു ജനങ്ങളോടു കഴിവതും വീടിനുള്ളില്‍ കഴിയാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌കെ.കെ അഗര്‍വാള്‍ നിര്‍ദേശിച്ചു.
ഡല്‍ഹിയിലെ വിദ്യാലയങ്ങള്‍ക്കടക്കം മൂന്നു ദിവസത്തെ അവധി പ്രഖ്യാപിക്കുകയും വ്യവസായ ശാലകള്‍ അഞ്ചു ദിവസത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ബദര്‍പൂര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് ഇന്നലെ മുതല്‍ പത്തു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നു തൊട്ടടുത്ത സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയും സൂക്ഷ്മതയിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഈ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി അനില്‍ മാധവ് ദേവും പങ്കെടുത്തു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം യോഗത്തില്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."