ജലാശയ കൈയേറ്റം: സര്‍ക്കാര്‍ അലംഭാവം തുടരുന്നു
പത്തനംതിട്ട: വരള്‍ച്ചയില്‍ നട്ടംതിരിയുമ്പോഴും സംസ്ഥാനത്തെ ജലാശയ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിലും ഒഴിപ്പിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം തുടരുന്നു. കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ പല ജില്ലകളിലും നിലച്ചിട്ട് അര നൂറ്റാണ്ടിലേറെയായി.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 86 വര്‍ഷമായി ജലാശയ സര്‍വേ മുടങ്ങിക്കിടക്കുകയാണ്. 1925-30 കാലത്താണ് ഇവിടെ അവസാനമായി സര്‍വേ നടന്നത്. കോഴിക്കോട് ജില്ലയില്‍ 1930ന് ശേഷം സര്‍വേ നടന്നിട്ടില്ല. കോട്ടയം ജില്ലയില്‍ 1910, 1970-80, 1988-1993 കാലഘട്ടങ്ങളില്‍ മാത്രമാണ് സര്‍വേ നടന്നിട്ടുള്ളത്. എറണാകുളത്ത് 1853-1911, 1977-80, 1994-2006 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി സര്‍വേ നടന്നു.
ജലാശയങ്ങളാല്‍ സമ്പന്നമായ ആലപ്പുഴ ജില്ലയുടെ കാര്യവും വ്യത്യസ്തമല്ല. ഇവിടെ 1992-94ന് ശേഷം സര്‍വേ നടന്നിട്ടില്ല. പത്തനംതിട്ടയില്‍ 1993-94, 1994-1995, 2001 വര്‍ഷങ്ങളില്‍ മൂന്നു ഘട്ടങ്ങളായി സര്‍വേ നടന്നപ്പോള്‍ കൊല്ലത്ത് 2006-07 ല്‍ മാത്രമേ സര്‍വേ നടന്നിട്ടുള്ളൂ. തിരുവനന്തപുരത്ത് 2014ലാണ് അവസാനമായി സര്‍വേ നടത്തിയത്. പരാതികളെ തുടര്‍ന്ന് 2016ല്‍ ആലപ്പുഴയിലും 1984-94ല്‍ കോട്ടയം ജില്ലയിലും 1993-2015 വരെ ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലും റീസര്‍വേ നടപടികള്‍ തുടങ്ങിയെന്നു പറയുന്നുണ്ടെങ്കിലും കൈയേറ്റം സംബന്ധിച്ച ഒരു രേഖകളും ലഭ്യമല്ല. ഇക്കാലത്തിനിടെ 14 ജില്ലകളിലും കൈയേറ്റം നിമിത്തം ജലാശയങ്ങള്‍ക്കുണ്ടായ വിസ്തീര്‍ണ വ്യതിയാനം ബോധ്യപ്പെട്ടെന്നു മാത്രമാണ് റവന്യൂവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍, കൈയേറ്റത്തിന്റെ വ്യാപ്തി ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. കായല്‍ കൈയേറ്റങ്ങളെപറ്റി പ്രത്യേക പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സി.ഡബ്ല്യു.ആര്‍.ഡി.എം) എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ശാസ്താംകോട്ട, അഷ്ടമുടി, വെള്ളായണി, കവ്വായി, വേമ്പനാട്ട് കായലുകളുടെ വിസ്തീര്‍ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം വെങ്ങാനൂര്‍-കല്ലിയൂര്‍ വില്ലേജില്‍ വെള്ളായണി കായല്‍ കൈയേറിയെന്ന് കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കല്‍ പൂര്‍ത്തിയായില്ല. കോട്ടയം കുമരകം താലൂക്കില്‍ ഏഴ് ഹെക്ടറോളവും കൊച്ചി താലൂക്കില്‍ അഞ്ച് ഹെക്ടറോളവും കായല്‍ കൈയേറിയെന്ന് കണ്ടെത്തിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. തണ്ണീര്‍ത്തടങ്ങളുടെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് ജലസേചന വകുപ്പിന് വിവരം കൈമാറണമെന്ന് ചീഫ് എന്‍ജിനിയര്‍ (ജലസേചനവും ഭരണവും) 2013 നവംബര്‍ 12ന് പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശവും കൈയേറ്റക്കാര്‍ക്കായി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത് സര്‍വേ മുടങ്ങാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."