ഷെഡ്യൂള്‍ മാറ്റി നല്‍കിയില്ല; കണ്ടക്ടര്‍ ഡി.ടി.ഒയ്ക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
നെയ്യാറ്റിന്‍കര: ഡ്യൂട്ടി ഷെഡ്യൂള്‍ മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ താല്കാലിക ജീവനക്കാരനായ കണ്ടക്ടര്‍ ഡി.ടി.ഒയ്ക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു നാടകീയ രംഗങ്ങള്‍ രംഗങ്ങള്‍ അരങ്ങേറിയത്. വ്ളാത്താങ്ക സ്വദേശിയും നെയ്യാറ്റിന്‍കര ഡിപ്പോയിലെ താല്കാലിക ജീവനക്കാരനുമായ ഷൈനുലാല് (40) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനക്കാര്‍ക്ക് വര്‍ഷത്തിലെ പകുതി ഷെഡ്യൂളുകള്‍ മാറ്റി കൊടുക്കുന്നതിന്റെ ഭാഗമായി ഷൈനുലാലിന് ഷെഡ്യൂള്‍ മാറ്റിനല്കിയിരുന്നു.എന്നാല്‍ ഈ ഷെഡ്യൂളിനോട് താല്പര്യമില്ലാതിരുന്ന ഷൈനുലാല് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ടി.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. താന്‍ നല്കിയ അപേക്ഷയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ പോക്കറ്റില്‍ കരുതിയ ബ്ലൈഡ് ഉപയോഗിച്ച് ഡി.ടി.ഒയ്ക്ക് മുന്നില്‍ ഇയാള്‍ കൈയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു.
ജീവനക്കാര്‍ ഉടന്‍ ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേ സമയം ഷെഡ്യൂള്‍ മാറ്റിയ ദിവസം മുതല്‍ ഇയാള്‍ ജോലിയ്ക്ക് എത്തിയിരുന്നില്ലെന്നും ഒരു ദിവസമെങ്കിലും ജോലി നോക്കിയാല്‍ ഷെഡ്യൂള്‍ മാറ്റി നല്‍കാമെന്നു പറഞ്ഞിരുന്നതായും ഇന്നലെ മദ്യപിച്ചെത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഡി.ടി.ഒ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."