പീഡനക്കേസുകളില്‍ സി.പി.എം വേട്ടക്കാരന്റെ പക്ഷത്ത്: കെ.കെ രമ
വടകര: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായി ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ രമ ആരോപിച്ചു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.എം പെണ്‍വേട്ടക്കാരുടെ പക്ഷം ചേര്‍ന്നിരിക്കുകയാണ്. സി.പി.എം നേതാവ് പ്രതിയായ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും അതിലെ നിയമലംഘനം ചൂണ്ടിക്കാണിച്ചപ്പോള്‍ ഗുരുതരമായ തെറ്റിനെ ന്യായീകരിക്കുകയുമാണ് ജില്ലാ സെക്രട്ടറിയായ കെ. രാധാകൃഷ്ണന്‍ ചെയ്തത്. പ്രതികളുടെ വാദം മാത്രം പരിഗണിച്ച് പാര്‍ട്ടി കമ്മിറ്റി പീഡനക്കേസില്‍ വിധിപ്രസ്താവം നടത്തുന്നത് സ്ത്രീ സമൂഹത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.
ഇരയായ പെണ്‍കുട്ടിയെ ജനമധ്യത്തില്‍ അവഹേളിക്കാന്‍ അപവാദപ്രചാരണങ്ങളും വിലകെട്ട ആരോപണങ്ങളുമായി ജില്ലാ സെക്രട്ടറി തന്നെ രംഗത്തിറങ്ങിയതോടെ സി.പി.എം പെണ്‍വേട്ടക്കാരുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രിസഭയിലെ വനിതാ മന്ത്രിയും മഹിളാസംഘടനയുടെ നേതാക്കളുമെല്ലാം സ്ത്രീ സമൂഹത്തിനു അപമാനകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പീഡനക്കേസിലെ ഇരയെ അപമാനിച്ച പേരാമംഗലം സി.ഐ ഇപ്പോഴും തല്‍സ്ഥാനത്തു തുടരുന്നത് ജനാധിപത്യ സമൂഹത്തോടുള്ള ആഭ്യന്തര വകുപ്പിന്റെ വെല്ലുവിളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാണെന്നു പറഞ്ഞിട്ടും മുഖ്യമന്ത്രിയെ കാണാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ചക്കു മുഖ്യമന്ത്രി അനുമതി നല്‍കാത്തത് എന്താണെന്ന് വിശദീകരിക്കണമെന്നും രമ പറഞ്ഞു.
വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."