ഉര്‍ദു: സംസ്‌കാര സമന്വയത്തിന്റെ ഭാഷ
നവംബര്‍ 9 ലോക ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുകയാണ്. വിശ്വ മഹാകവിയും ദാര്‍ശനികനുമായിരുന്ന ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്‍മദിനത്തിനമാണ് ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുന്നത്. സാഹിത്യ സമ്പുഷ്ടവും താളാത്മകവുമായ ഉര്‍ദു ഭാഷയുടെ പ്രചാരവും പരിപാലനവുമാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ ജനിച്ച്, വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഉര്‍ദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉര്‍ദു ഭാഷയിലാണ്. ലോക ഭാഷകളില്‍ പതിനേഴാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്‍പമായ സ്വാധീനമാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഒന്നാം ഭാഷയും പലയിടത്തും രണ്ടാം ഭരണഭാഷയുമാണ്.
പേരു വന്ന വിധം
ഉര്‍ദു എന്നാല്‍ തുര്‍ക്കി ഭാഷയില്‍ പട്ടാളം, കൂട്ടം, താവളം, ചക്രവര്‍ത്തിയുടെ സൈന്യത്തോടൊപ്പം തങ്ങുകയോ സഞ്ചരിക്കുകയോ ചെയ്യുന്ന അങ്ങാടി എന്നൊക്കെ അര്‍ഥമുണ്ട്. സൈനികരും വ്യാപാരികളും പരസ്പര സമ്പര്‍ക്കത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഭാഷ എന്ന നിലക്കായിരിക്കും ഉര്‍ദു എന്ന പേരു വന്നത്. പേരുപോലെ രൂപത്തിലും ഇതിനൊരു പട്ടാള ചിട്ടയുണ്ട്. ഉര്‍ദു അക്ഷരങ്ങള്‍ മാത്രം നോക്കുമ്പോള്‍ തലയില്‍ തൊപ്പിവച്ച പട്ടാളക്കാര്‍ ക്യൂ നില്‍കുന്നതായി തോന്നും.
വളര്‍ച്ച, വികാസം
ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയാണ് ഉര്‍ദുഭാഷയുടെ ജന്മദേശം. ക്രിസ്താബ്ദം 13- ാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്നു വന്ന കുടിയേറ്റക്കാരും സൈനികരും സ്വദേശീയരായ കച്ചവടക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയതോടെ, പ്രദേശത്തെ ഭാഷയായ ഖഡീബോലിയില്‍ തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും കടന്നു കൂടി. ഇത് പുതിയ ഒരു ഭാഷയായി ഉരുത്തിരിഞ്ഞു. ഈ നൂതന ഭാഷ ഉര്‍ദു എന്ന പേരില്‍ അറിയപ്പെട്ടു.
സബാനെ ഹിന്ദിവി ( ഇന്ത്യന്‍ ഭാഷ), സബാനെ ദഹ്‌ലവി ( ഡല്‍ഹി ഭാഷ), ഹിന്ദുസ്ഥാനി, ദഖിനി, രേഖ്ത തുടങ്ങിയ പല പേരുകളിലും ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടു. എന്നാല്‍ 1750 നു ശേഷമാണ് ഉര്‍ദു എന്ന പേര് വിഖ്യാതമായത്. മുഗള്‍ചക്രവര്‍ത്തിമാരുടെ ഭരണ കാലഘട്ടത്തിലാണ് ഉര്‍ദു ഭാഷ വളര്‍ന്നു വികസിച്ചത്. മീര്‍സാ ഗാലിബ്, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ തുടങ്ങിയ എഴുത്തുകാര്‍ പിന്നീട് ഇത് ഏറ്റെടുക്കുകയുണ്ടായി.
അക്ഷരം, എഴുത്ത്
28 അറബി അക്ഷരങ്ങളും 4 പേര്‍ഷ്യനും 3 സ്വതന്ത്ര അക്ഷരങ്ങളും ചേര്‍ന്ന് മൊത്തം 35 അക്ഷരങ്ങള്‍ അടങ്ങിയതാണ് ഉര്‍ദു അക്ഷരമാല. അറബിക് ലിപിയില്‍ നിന്നും ഉരിത്തിരിഞ്ഞ പേര്‍ഷ്യന്‍ ലിപി (നസ്തലിക് രീതി) ഉപയോഗിച്ച് വലത്ത് നിന്നും ഇടത്തോട്ടാണ് ഉര്‍ദു എഴുതുന്നത്. അമീര്‍ ഖുസ്രുവാണ് ഉര്‍ദു ലിപിയുടെ ഉപജ്ഞാതാവ്. ഖാലിഖ് ബാരി എന്ന തന്റെ ആദ്യ രചന നിര്‍വഹിച്ചത് ഈ ലിപിയിലായിരുന്നു.
.
ഹിന്ദിയും ഉര്‍ദുവും
ഹിന്ദിയും ഉര്‍ദുവും ഭായി ഭായി ആണ്. അഥവാ ഖഢീബോലി എന്ന പ്രാദേശികഭാഷയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഇവ രണ്ടും. അക്ഷരമാലയിലും ലിപി യിലും മാത്രമേ ഹിന്ദിയും ഉര്‍ദുവും പ്രകടമായ വ്യത്യാസമുള്ളൂ.
ഹിന്ദി ബ്രഹ്മി ലിപിയില്‍നിന്നുമുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ചപ്പോള്‍ ഉര്‍ദു എഴുതാന്‍ തുടങ്ങിയത് പേര്‍ഷ്യന്‍- അറബി ലിപിയിലായി എന്നു മാത്രം. പക്ഷെ, മുസ്‌ലിം ഭാഷയായ അറബി ലിപി ഉര്‍ദു സ്വീകരിച്ചതോടെ ഹിന്ദി സംസ്‌കൃത പാരമ്പര്യത്തോടടുത്തു. ഒപ്പം ഹിന്ദിയുടെ പുനരുദ്ധാനം ആര്യസമാജക്കാരും കൂട്ടരും ഏറ്റെടുത്തതോടെ അകല്‍ച്ചയുടെ ആഴം കൂടി. അവസാനം ഹിന്ദി - ഉര്‍ദു വിഷയത്തില്‍ മഹാത്മാ ഗാന്ധിജിക്കു വരെ ഇടപെടേണ്ടി വന്നു.
ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ഭാഷയായി ദേവനാഗിരി ലിപിയിലും ഉര്‍ദു ലിപിയിലും എഴുതപ്പെടുന്ന 'ഹിന്ദുസ്ഥാനി' ഇന്ത്യയുടെ പൊതുഭാഷയാകാമെന്ന നിര്‍ദേശമുണ്ടായി. പിന്നീട് ഹിന്ദി പൊതുഭാഷയാവുകയും ദേവനാഗിരി ലിപി ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ഗസലും ഖവാലിയും
ഉര്‍ദു ഭാഷയെ ജനകീയമാകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടു പദ്യ രൂപമാണ് ഗസലും ഖവാലിയും. സിനിമയിലും ടിവി ചാനലിലും ഗസല്‍ ഇന്ന് ജനപ്രിയമായിട്ടുണ്ട്. സ്‌കൂള്‍ കലാമേളയില്‍ നിറഞ്ഞ സദസിലാണ് ഗസലുകള്‍ ആലപിക്കപ്പെടുന്നത്. ശ്രുതിമാധുര്യവും ഗാനാലാപന ശൈലിയുമാണ് ഇതിനെ ജനപ്രിയമാക്കുന്നത്.
ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടില്‍ ഇറാനിലാണ്. അറബിഗാന ശാഖയായ ഖസ്വീദയില്‍നിന്നാണ് ഇതിന്റെ തുടക്കം.
12 - ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുര്‍ക്കികളും അഫ്ഗാനികളും വഴി ഇത് ഇന്ത്യയിലുമെത്തി. മുഗള്‍ ഭരണകാലത്ത് ഗസല്‍ ഗായകര്‍ക്ക് കൊട്ടാരത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു.
ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. പ്രവാചകരുടേയും സൂഫിവര്യരുടേയും പ്രകീര്‍ത്തനങ്ങളാണ് ഖവാലിയുടെ വിഷയം. സൂഫീവര്യനായിരുന്ന ഹസ്‌റത്ത് നിസാമുദ്ധീനെ കുറിച്ച് എഴുതിയ ഖവാലി ഇന്നും പ്രസിദ്ധമാണ്.
സ്വാതന്ത്ര്യ
സമരത്തിലെ ഉര്‍ദു
18 - ാം നൂറ്റാണ്ടില്‍ രാജ്യമൊട്ടാകെ ഉയിര്‍കൊണ്ട ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും പകരുന്നതില്‍ ഉര്‍ദു ഭാഷ വലിയ പങ്കുവഹിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്ത മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ പ്രമുഖ ഉര്‍ദു കവിയായിരുന്നു. ദില്ലി അഖ്ബാര്‍, സ്വാദിഖുല്‍ അഖ്ബാര്‍ തുടങ്ങി ഉര്‍ദു പത്രങ്ങളും സ്വാതന്ത്ര്യ സമരത്തിന് ആവേശം പകര്‍ന്നിരുന്നു. ദില്ലി അഖ്ബാറിന്റെ പത്രാധിപരായിരുന്ന മുഹമ്മദ് ബാകിറിനെ ബ്രിട്ടീഷുകാര്‍ വെടിവച്ചു കൊന്നു. സ്വാദിഖുല്‍ അഖ്ബാറിന്റെ പത്രാധിപനായ ജലാലുദ്ധീനെ ജയിലിലടക്കുകയും ചെയ്തു.
മീര്‍സാ ഗാലിബ്, ഹസ്‌റത്ത് മൊഹാനി, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മുന്‍ഷി പ്രേംചന്ദ്, മൗലാനാ മുഹമ്മദലി, മൗലാനാ ശൗകത്തലി, മുഹമ്മദലി ജൗഹര്‍, അബ്ദുല്‍ കലാം ആസാദ് തുടങ്ങി നിരവധി ഉര്‍ദു കവികളും സാഹിത്യകാരന്‍മാരും സ്വാതന്ത്ര്യ സമരത്തിനു കരുത്തേകിയവരാണ്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉര്‍ദുവിന്റെ സംഭാവനയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."