ക്ഷേമനിധി പെന്‍ഷന്‍കാരില്‍ നിന്നും പണപ്പിരിവ് നടത്തിയെന്ന്
നിലമ്പൂര്‍: ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ക്ഷേമനിധി പെന്‍ഷന്‍കാരില്‍ നിന്നും സംഘടനാ നേതാവ് പണപ്പിരിവ് നടത്തിയതായി ആരോപണം.
ഈ മാസം 13ന് പെന്ഷന് ബുക്ക്, പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും നൂറ് രൂപയും സഹിതം പാര്‍ട്ടി ഓഫിസില്‍ എത്തണമെന്നാണ് ഒരു സംഘടന നേതാവിന്റെ പേരില്‍ പെന്‍ഷന്‍കാര്‍ക്ക് അയച്ച കാര്‍ഡില്‍ പറയുന്നത്. ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ സാക്ഷ്യപത്രം (ലൈഫ് സര്‍ട്ടിഫിക്കറ്റ്) എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ ക്ഷേമനിധി ബോര്‍ഡിന് സമര്‍പ്പിച്ചില്ലെങ്കില്‍ പെന്ഷന് മുടങ്ങും.
ജീവിച്ചിരിക്കുന്നുവെന്ന സാക്ഷ്യപത്രം ഗസറ്റഡ് ഓഫിസര്‍ സൗജന്യമായി നല്‍കുമെന്നിരിക്കെയാണ് നേതാവ് പണപ്പിരിവ് നടത്തിയത്.
ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച് ഞായറാഴ്ച ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് പറയുന്നത്. ഞായറാഴ്ചയായതിനാല്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സാക്ഷ്യപ്പെടുത്താന്‍ അവിടെ ആളുണ്ടാകുമെന്നുമാണ് നോവിന്റെ മറുപടി.
നൂറു രൂപ എന്ത് ആവശ്യത്തിനാണ് എന്ന ചോദ്യത്തിന് ഒന്നിച്ച് ഒപ്പിടുമ്പോള്‍ ഗസറ്റഡ് ഓഫിസര്‍ക്ക് എന്തെങ്കിലും കൊടുക്കേണ്ടേ എന്നും മറുപടി ലഭിച്ചു. നിലമ്പൂര്‍ നഗരസഭ പരിധിയില്‍ മാത്രം 140 പേര് ക്ഷേമനിധി പെന്ഷന് വാങ്ങുന്നുണ്ടെന്നിരിക്കെ പണപിരിവ് നടത്തിയ സംഭവം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."