വരള്‍ച്ച നേരിടാന്‍ വീടുകളില്‍ മഴവെള്ള സംഭരണ സംവിധാനമൊരുക്കണം: കലക്ടര്‍
മലപ്പുറം: കാലവര്‍ഷവും തുലാവര്‍ഷവും ഗണ്യമായി കുറഞ്ഞതിനാല്‍ വരാനിരിക്കുന്ന വരള്‍ച്ചയുടെ കാഠിന്യം മുന്‍കൂട്ടിക്കണ്ടു വീടുകളില്‍ മഴവെള്ള സംഭരണ സംവിധാനമൊരുക്കാന്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അഭ്യര്‍ഥിച്ചു. ഭൂമിയിലേക്കു വെള്ളം ആഴ്ന്നിറങ്ങുന്നതിനു മഴക്കുഴികള്‍ നിര്‍മിക്കുകയും പാടത്തും പറമ്പിലും വെള്ളം കെട്ടിനിര്‍ത്താന്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്ന് അവര്‍ നിര്‍ദേശിച്ചു.
മഴവെള്ളം റോഡുകളിലേക്കോ തോടുകളിലേക്കോ ഒഴുക്കിക്കളയുന്നതിനു പകരം വീടുകളുടെ ചുറ്റുപാടില്‍തന്നെ ചെറിയ മഴക്കുഴികള്‍ നിര്‍മിച്ചു ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന് അവസരമൊരുക്കിയാല്‍ അതിലൂടെ കിണറുകളിലെ ജലനിരപ്പ് ഉയരും. ഇത്തരത്തില്‍ മഴവള്ളത്തിന്റെ ശാസ്ത്രീയ സംഭരണത്തിലൂടെ മാത്രമേ വരാനിരിക്കുന്ന ജലദൗര്‍ലഭ്യത്തിനു പരിഹാരം കാണാനാകൂ. മഴവെള്ള സംഭരണവും ഭൂഗര്‍ഭജല റീച്ചാര്‍ജിങും ലക്ഷ്യംവച്ചു സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതികളോടൊപ്പം പൊതുജന പങ്കാളിത്തത്തോടെയുള്ള മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനാകൂവെന്നും കലക്ടര്‍ പറഞ്ഞു.
ഒരു മീറ്റര്‍ നീളവും അര മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴിയില്‍ ഏകദേശം 500 ലിറ്റര്‍ ജലം സംഭരിക്കാം. പറമ്പുകളുടെ വലിപ്പവും ഭൂപ്രകൃതിയുമനുസരിച്ചു മഴക്കുഴികളുടെ എണ്ണം നിശ്ചയിച്ചു പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പെയ്യുന്ന മഴയുടെ 75 ശതമാനവും മണ്ണിലേക്കിറക്കി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താം. ജില്ല അതിരൂക്ഷമായ വരള്‍ച്ചയാണ് മുന്നില്‍കാണുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ വരള്‍ച്ചയെ നേരിടാന്‍ ഒരുങ്ങണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."