എ.ഡി.ജി.പിയുടെ പേരിലുള്ള വ്യാജ പ്രചാരണത്തിനെതിരേ കേസ്
മലപ്പുറം: സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് ഉത്തരമേഖലാ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരില്‍ വാട്ട്‌സ്ആപ്പില്‍ വ്യാജ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം പൊലിസ് കേസെടുത്തു. സ്‌ഫോടനം നടന്നതിനു പിറ്റേ ദിവസംമുതല്‍ 2.49 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. എ.ഡി.ജി.പി നല്‍കിയ സന്ദേശമെന്ന വിവരണത്തോടെയാണ് സ്ത്രീശബ്ദത്തിലുളള ശബ്ദരേഖ പ്രചരിക്കുന്നത്.
ഓഡിയോ ക്ലിപ്പ് വൈറലായതോടെ ഉറവിടം കണ്ടെത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ ബാബുവിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ജില്ലയില്‍ മതസ്പര്‍ധയുണ്ടാക്കി ക്രമസമാധാനം തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണമെങ്കിലും വാട്ട്‌സ്ആപ്പിലെ സെക്യൂരിറ്റി സംവിധാനങ്ങളും സ്വകാര്യതയും വെല്ലുവിളിയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മലപ്പുറത്തു സൈന്യത്തെ വിന്യസിക്കുമെന്നും മുസ്‌ലിംകള്‍ ഒന്നായി മലപ്പുറത്തെ രക്ഷിക്കണമെന്നുമാണ് വോയ്‌സ് ക്ലിപ്പിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."