കര്‍ഷക ഓപണ്‍ മാര്‍ക്കറ്റ് 11ന് തുറക്കും
കൊച്ചി: ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ജില്ലയില്‍ കര്‍ഷക ഓപണ്‍മാര്‍ക്കറ്റ് തുറക്കുമെന്ന് തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഡലപ്‌മെന്റ് സൊസൈറ്റി. ജൈവ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരവിപണി ഉറപ്പുവരുത്തുകയാണ് ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ലക്ഷ്യം.
ജൈവ പച്ചക്കറികള്‍, നാടന്‍ പഴവര്‍ഗങ്ങള്‍, കിഴങ്ങ്, നാണ്യവിളകള്‍, വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, നാടന്‍ പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, നെയ്യ്, തൈര്, നീര ഉല്‍പന്നങ്ങള്‍, പ്രത്യേകം പാക്ക് ചെയ്ത ഇറച്ചി, നാടന്‍ മുട്ട, കുത്തരി,മറയൂര്‍ ശര്‍ക്കര തുടങ്ങിയവയെല്ലാം ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭിക്കും. വിവിധ തരം കരിക്ക്, പപ്പായ തുടങ്ങിയവയുടെ വില്‍പനക്കായി പ്രത്യേക കൗണ്ടറുകളുണ്ടാകും.
വെണ്ണല സഹകരണ ബാങ്കിന് സമീപം ആരംഭിക്കുന്ന മാര്‍ക്കറ്റ് 11ന് രാവിലെ 11 മണിക്ക് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി.ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. വിത്ത് ബാങ്കിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എയും അഗ്രോ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദും ആദ്യ വില്‍പന തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും നിര്‍വഹിക്കും.
രാവിലെ 10ന് നടക്കുന്ന ജൈവകൃഷി സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് സബ്‌സിഡി നിരക്കില്‍ ജൈവ വളം കിറ്റും ലഭിക്കും. രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെയാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം. സൊസൈറ്റി പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, ഭാരവാഹികളായ വി.പി ജോര്‍ജ്ജ്, എം.ഡി ഗോപിനാഥന്‍ നായര്‍, വി.പി സുകുമാരന്‍, അലോഷി ജോസഫ്, ടോമി മാത്യു, മണി കൊട്ടാരത്തില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."