പരാജയം അംഗീകരിച്ച്, ട്രംപിന് ആശംസകള്‍ നേര്‍ന്ന് ഹിലരി
ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം പ്രതീക്ഷിച്ചതല്ലെന്ന് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍.
പരാജയം വേദനാജനകമാണ്. രാജ്യത്തെ നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് അവസരം നല്‍കണം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. രാജ്യത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹിലരി പറഞ്ഞു.
അമേരിക്കയ്ക്കു വേണ്ടി ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാണ്. എന്നാല്‍ നാം പ്രതീക്ഷിച്ചത് ഇതല്ല. നമ്മള്‍ പ്രവര്‍ത്തിച്ചതിനു കിട്ടേണ്ട പ്രതിഫലം ഇതല്ല. എനിക്ക് വിഷമമുണ്ട്... അതേസമയം ഞാന്‍ അഭിമാനിക്കുന്നു. കാരണം പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ നമ്മള്‍ ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചു- ഹിലരി അനുയായികളോടു പറഞ്ഞു.
ഏതെങ്കിലും വ്യക്തിയെ ലക്ഷ്യംവച്ചായിരുന്നില്ല തന്റെ പ്രചാരണം. വ്യക്തിപരമായി തനിക്കു നഷ്ടമുണ്ടെങ്കിലും തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുന്നെന്നും ഹിലരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം ആദ്യമായി തന്റെ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹിലരി ക്ലിന്റണ്‍. ഭര്‍ത്താവ് ബില്‍ ക്ലിന്റനൊപ്പമാണ് അവര്‍ സദസിനെ അഭിമുഖീകരിച്ചത്.
ഹിലരിയുടേത് മികച്ച പോരാട്ടമാണെന്നു നിലവിലെ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. ഏറ്റവും മികച്ച രീതിയിലുള്ള അധികാര കൈമാറ്റം നടത്തും. രാജ്യത്തിനാവശ്യം ഐക്യമാണ്. അമേരിക്കക്കായി നല്ലതുചെയ്യാന്‍ ട്രംപിനു കഴിയുമെന്നാണ് വിശ്വാസമെന്നും ഒബാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."