സഹോദരങ്ങളുടെ ദുരൂഹ മരണം തുടരന്വേഷണത്തിനായി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി
കുറവിലങ്ങാട്: കുര്യനാട് പെരികലത്തേല്‍ ടോമി മാത്യുവിന്റേയും സഹോദരന്‍ ബേബിയുടേയും ദുരൂഹ മരണത്തേക്കുറിച്ച് ഇതുവരെ പൊലിസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പൊലിസ് ടീം രൂപീകരിച്ച് തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം സമര്‍പ്പിച്ചു.
കുര്യനാട് പെരികലത്തേല്‍ ടോമി 2014 ജൂണില്‍ കിണറ്റില്‍ മരിച്ച നിലയിലും ദിവസങ്ങള്‍ക്കുള്ളില്‍ സഹോദരന്‍ ബേബിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുപേരുടേയും മരണം കൊലപാതകമാണെന്നു നാട്ടുകാരും കുടുംബാംഗങ്ങളും വിശ്വസിക്കുന്ന സാഹചര്യത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കുകയും പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ ഇതുവരെ നടന്നിട്ടുള്ള അന്വേഷണത്തിലൂടെ സത്യസന്ധമായി യാതൊരു വിവരവും പുറത്തുകൊണ്ടുവരാത്ത സാഹചര്യത്തിലാണു തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നു മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി.
ക്രൈം ബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എറണാകുളം യൂനിറ്റ് സി.ഐ കെ രാജീവിന്റെ നേതൃത്വത്തിലുള്ള കേസ് അന്വേഷണത്തില്‍ ടോമിയുടെ മരണം കൊലപാതകമാണെന്നുള്ള സൂചനകളോടു കൂടിയ റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചതെന്ന് അറിയുന്നു. എന്നാല്‍ പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് വ്യത്യസ്തമായ റിപ്പോര്‍ട്ട് നല്‍കിയതു സംശയത്തിന് ഇടനല്‍കിയിരിക്കുകയാണ്. ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്തു തുടരന്വേഷണം നടത്താന്‍ പുതിയതായി സ്‌പെഷ്യല്‍ പൊലിസ് ടീം രൂപീകരിച്ച് സത്യസന്ധമായ അന്വേഷണം നടത്താന്‍ സാഹചര്യമുണ്ടാക്കണമെന്നു മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."