അഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയേറും
വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 6.45നും 8.45നും മധ്യേ തന്ത്രിമുഖ്യന്‍മാരായ ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് കൊടിക്കീഴില്‍ ഭദ്രദീപം തെളിയിക്കും. വൈക്കം എ.എസ്.പി ആര്‍.കറുപ്പസ്വാമി ഐ.പി.എസ് കലാമണ്ഡപങ്ങളിലെ ദീപപ്രകാശനം നിര്‍വഹിക്കും.
രാവിലെ ഒന്‍പതിന് ശ്രീബലി, രാത്രി ഒന്‍പതിന് കൊടിപ്പുറത്തുവിളക്ക്, നാഗസ്വരം, വെടിക്കെട്ട് എന്നിവ നടക്കും. സ്വരമണ്ഡപത്തില്‍ ഇന്ന് രാവിലെ അഞ്ചുമണി മുതല്‍ എഴുവരെ നാരായണീയ പാരായണം, ഒന്‍പതിന് സംഗീതകച്ചേരി, 10 മുതല്‍ 12 വരെ നാരയണീയ പാരായണം, ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണി വരെ സംഗീതകച്ചേരി, മൂന്നിന് പുല്ലാങ്കുഴല്‍ കച്ചേരി, നാലിന് ഭക്തിഗാനമഞ്ജരി, വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി എട്ടുവരെ സംഗീതകച്ചേരി എന്നിവയുണ്ടായിരിക്കും.
കലാമണ്ഡപത്തില്‍ രാവിലെ അഞ്ചുമണി മുതല്‍ ആറുവരെ ഭാഗവതപാരായണം, ആറിന് ശിവസ്തുതി, 10ന് ശിവപുരാണ പാരായണം, 11ന് ഗീതാപാരായണം, 12ന് ഭജന്‍സ്, മൂന്നിന് ചെണ്ടമേളം, വൈകിട്ട് 5.30മുതല്‍ ഏഴുമണി വരെ തിരുവാതിരകളി, ഏഴിന് കോട്ടയം ശ്രീമുരുക രാഗവര്‍ഷം ഭക്തിഗാനമേള സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവയുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."