നോട്ടുകള്‍ പിന്‍വലിച്ചത് സമഗ്ര സാമ്പത്തിക പരിഷ്‌ക്കരണത്തിന് തുടക്കമാകും: തുഷാര്‍ വെള്ളാപളളി
ചേര്‍ത്തല: രാജ്യം കണ്ട ഏറ്റവും സമഗ്രമായ സാമ്പത്തിക പരിഷ്‌ക്കരണമാണ് അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഈ തീരുമാനത്തില്‍ അസ്വസ്ഥരാകുന്നവരെയാണ് സംശിക്കേണ്ടത്.
കേരളത്തിലേക്ക് കള്ളപ്പണം ഒഴുകിയെത്തിയപ്പോള്‍ ചെറുവിരല്‍ അനക്കാത്തവരാണ് ഇവിടെ ഭരിച്ചിരുന്ന ഇരുകൂട്ടരും. അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തതെന്നും തുഷാര്‍ പറഞ്ഞു.
ഡിസംബര്‍ അഞ്ചിന് ബിഡിജെഎസിന്റെ ജന്മവാര്‍ഷികം എറണാകുളം അങ്കമാലിയില്‍ നടക്കും. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. ബി.ഡി.ജെ.എസിന്റെ തലപ്പത്തു നിന്ന് മാറി എസ്.എന്‍.ഡി.പി യുടെ നേതൃസ്ഥാനം ഏറ്റെടുക്കുവെന്ന വാര്‍ത്ത തുഷാര്‍ നിഷേധിച്ചു.
സംസ്ഥാന ഭാരവാഹികളായി ടി.വി.ബാബു, സുഭാഷ് വാസു, അരയക്കണ്ടി സന്തോഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."