പിണമായി പണം; നിസഹായരായി ജനങ്ങള്‍
ആലപ്പുഴ : കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ 500,1000 രൂപനോട്ടുകള്‍ അസാധുവായതോടെ ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. 500, 1000 നോട്ടുകള്‍ കൈവശമുണ്ടായിരുന്നവര്‍ മാറ്റിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി.
നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനോ ഇടപാടുകള്‍ നടത്താനോ കഴിയാതെവന്നത് ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ ബാങ്കുകളും ട്രഷറിയും എ ടി എം കൗണ്ടറുകളും പണിമുടക്കിയത് വ്യാപാരമേഖലെയെയും നിശ്ചലമാക്കി. ഇന്നും എ.ടി.എമ്മുകളും അടഞ്ഞുകിടക്കും. കൈവശമിരിക്കുന്ന 500,1000 നോട്ടുകള്‍ക്ക് പകരം പുതിയവ വാങ്ങണമെങ്കില്‍ ഇനി നാളെ ബാങ്കുകള്‍ തുറക്കണം. പോസ്റ്റ് ഓഫീസിലടക്കം നാളെ മുതലേ നിക്ഷേപിക്കാനാവൂ.കഴിഞ്ഞദിവസം എ.ടി.എമ്മുകളില്‍ നിന്ന് ചില്ലറ നോട്ടുകള്‍ എടുത്തവര്‍ക്ക് ഇന്നലെ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായി. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കിലും കച്ചവടം ഒട്ടുമില്ലായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഇടപാടുകള്‍ നടന്നില്ല. മീന്‍, മാസം, പച്ചക്കറി മാര്‍ക്കറ്റുകളെല്ലാം സ്തംഭിച്ചു.
ആലപ്പുഴ പഴയങ്ങാടി മാര്‍ക്കറ്റിനെ നോട്ടുകളുടെ വിലക്ക് സാരമായി ബാധിച്ചു. മൊത്തവിപണിക്കാണ് കൂടുതലും തിരിച്ചടിയായത്. സ്ഥിരം ഉപഭോക്താക്കള്‍ കടം കൊടുക്കാന്‍ തയാറായതൊഴിച്ചാല്‍ ആകെ പ്രതിസന്ധിയിലായിരുന്നു മൊത്ത കച്ചവടക്കാര്‍.
രാത്രി വൈകി പ്രഖ്യാപനം വന്നതോടെ മീനും, പച്ചക്കറികളും പല മൊത്തക്കച്ചവടക്കാരും എടുക്കാന്‍ തയാറായില്ല. ഇതും ഇന്നലെ കീറാമുട്ടിയായി. രജീസ്‌ട്രേഷന്‍ ഓഫീസുകളില്‍ ആധാരം രജിസ്റ്റര്‍ നടന്നില്ല. വൈദ്യുതി നിരക്ക് അടയ്ക്കുന്നതുള്‍പ്പെടെ വിവിധ ഫീസ് എടുക്കുന്ന കേന്ദ്രങ്ങളിലും ഇടപാടുകള്‍ കാര്യമായി നടന്നില്ല. ട്രഷറി അടഞ്ഞതിനാല്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്കും തടസ്സമായി.സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍ (ഇവിടെ ഡോക്ടറുടെ കുറുപ്പടി നിര്‍ബന്ധം), റെയില്‍വെ ടിക്കറ്റ്, വിമാന ടിക്കറ്റ്, ബസ് ടിക്കറ്റ് എന്നീ ബുക്കിംഗ് കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സഹകരണ സ്റ്റോറുകള്‍, മില്‍മാ ബൂത്തുകള്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച വരെ നോട്ടുകള്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ നോട്ടുകളുമായി പോയവര്‍ക്ക് നിരാശരാകേണ്ടി വന്നു.
നോട്ട് എടുക്കാന്‍ പലരും വിസമ്മതിച്ചു. ചിലയിടങ്ങളില്‍ ചില്ലറയില്ലെന്ന് പറഞ്ഞ് മടക്കി. ഒരു ദിവസം കാത്തിരുന്ന് നാളെ ബാങ്കുകളില്‍കൊണ്ടുപോയി മാറ്റാനാണ് ചിലര്‍ക്ക് കിട്ടിയ ഉപദേശം.പെട്രോള്‍ പമ്പുകളിലും ചില്ലറ നല്‍കിയില്ല. നോട്ടുകള്‍ കൊണ്ടുവരുന്നവരോട് മുഴുവന്‍ തുകയ്ക്കും ഇന്ധനം നിറയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ബസുകളിലും നോട്ടുകള്‍ എടുത്തില്ല.
ചില്ലറയില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. ഫലത്തില്‍ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ആകെ കുഴഞ്ഞു. ഇനി നാളെ ബാങ്കുകളില്‍ പോയി വേണം പുതിയത് വാങ്ങാന്‍.അതിനും നിയന്ത്രണം ഉള്ളതിനാല്‍, പല ആവശ്യങ്ങള്‍ക്കും പണം കൈവശം വച്ചിരിക്കുന്നവരും വെട്ടിലായി. നിര്‍മ്മാണ മേഖലയും ഇന്നലെ സ്തംഭിച്ചു. ഒരിടത്തും കാര്യമായി പ്രവര്‍ത്തികള്‍ നടന്നില്ല. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിഞ്ഞില്ല. അന്യസംസ്ഥാന തൊഴിലാളികളും വെട്ടിലായി. ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ചില്ലറയ്ക്ക് വേണ്ടിയുളള നെട്ടോട്ടമായിരുന്നു എല്ലായിടങ്ങളിലും. 100 രൂപ നോട്ടുകളുടെ ഇടപാടുകളാണ് ഇന്നലെ നടന്നത്. ലോട്ടറി സ്റ്റാളുകളിലടക്കം ഇത് പ്രതിഫലിച്ചു. ഫലത്തില്‍ ഒരു പണിമുടക്ക് പ്രതീതിയായിരുന്നു ജില്ലയെങ്ങും. കടകളും വ്യാപാര സ്ഥാപനങ്ങളും നോക്കകുത്തികളായി. രാവിലെ ബസ് സ്റ്റേഷനിലും റെയില്‍വെ സ്റ്റേഷനിലും വന്നിറങ്ങിയവരും കുഴങ്ങി. കുടിക്കാന്‍ വെളളമോ കഴിക്കാന്‍ ഭക്ഷണമോ വാങ്ങാന്‍ കഴിയാതെ യാത്രക്കാര്‍ വലഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."