കുറുവന്തേരിയില്‍ വന്‍ ബോംബ്ശേഖരം കണ്ടെത്തി
നാദാപുരം: വളയത്തിനടുത്ത് കുറുവന്തേരിയില്‍ വന്‍ ബോംബ്ശേഖരം കണ്ടെത്തി. ഇന്നലെ രാവിലെ ബോംബ് സ്കോഡിനും പൊലിസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുറുവന്തേരിയിലെ ചെറുവാങ്കണ്ടിയിലെ പരേതയായ അമീനയുടെ അടച്ചിട്ട വീട്ടിലെ കുളിമുറിയില്‍ വലിയ പി.വി.സി പൈപ്പില്‍ ഇരുഭാഗവും സ്റ്റോപ്പര്‍ കൊണ്ട് അടച്ച നിലയിലായിരുന്നു പതിനൊന്ന് സ്റ്റീല്‍ ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം വളഞ്ഞ ഇരുമ്പ് പൈപ്പില്‍ ഇരുഭാഗവും അടച്ച നിലയില്‍ മൂന്നു പുതിയതരം ബോംബുകളും കണ്ടെടുത്തു. കൂടാതെ തൊട്ടടുത്ത വീട്ടില്‍നിന്ന് മൂന്ന് ഇരുമ്പ് ദണ്ഡുകളും ബോംബ് സ്കോഡിന്റെ പരിശോധനയില്‍ കണ്ടെത്തി.
സി.പി.എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമായ നാദാപുരം മേഖലയില്‍നിന്ന് ആദ്യമായാണ് ജി.ഐ പൈപ്പ് ബോംബ് കണ്ടെടുക്കുന്നത്. ഇരുമ്പ് പൈപ്പില്‍ നിര്‍മിച്ചിരിക്കുന്ന ബോംബ് എറിഞ്ഞാല്‍ പൊട്ടാന്‍ സാധ്യത കുറവായതിനാല്‍ ഇത് ഏതുവിധത്തിലാണ് ഉപയോഗിക്കുകയെന്നത് ബോംബ് സ്ക്വഡ് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ബോംബ് കണ്ടത്താന്‍ പരിശീലനം ലഭിച്ച ജെന്നിഫര്‍ എന്ന നായയുടെ സഹായത്തോടെയായിരുന്നു പരിശോധന തുടങ്ങിയത്. തുടക്കത്തില്‍ രണ്ടു സ്റ്റീല്‍ബോംബ് കണ്ടെത്തിയതോടെ പരിശോധന മതിയാക്കി സംഘം മടങ്ങി. ഇതിനിടയില്‍ വീണ്ടും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അടച്ചിട്ടവീട്ടില്‍ നിന്ന് കൂടുതല്‍ ബോംബ് പിടിച്ചെടുത്തത്.
നാദാപുരം ഡിവൈ.എസ്.പി എം. വിജയകുമാറിന്റെയും സി.ഐ ജോഷി ജോസഫിന്റെയും എസ്.ഐ പി. അഭിലാഷിന്റെയും നേതൃത്വത്തില്‍ ബോംബ് സ്കോഡ് എസ്.ഐ സുധാകരന്, രാജീവന് സന്തോഷ്, സുമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കണ്ടെടുത്ത ബോംബുകള്‍ വളയം സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് ഇന്നും പരിശോധന തുടരുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."