വാരണാക്കരയില്‍ പേ വിഷബാധയേറ്റ് പശു ചത്തു
തിരൂര്‍: തെരുവുനായയുടെ കടിയേറ്റ പശു പേവിഷബാധയെ തുടര്‍ന്നു ചത്തു. വാരണാക്കര സ്വദേശി നീര്‍ക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെ മൂന്നു വയസ് പ്രായമുള്ള ഗര്‍ഭിണിയായ പശുവാണ് ചത്തത്. കഴിഞ്ഞ 17നാണ് പറമ്പില്‍ മേയുന്നതിനിടെ പശുവിനെ തെരുവുനായ കടിച്ചത്.
ഇതു വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സംഭവത്തിനു ശേഷം പശുവിന്റെ പെരുമാറ്റത്തില്‍ മാറ്റം അനുഭവപ്പെട്ട വീട്ടുകാര്‍ മൃഗഡോക്ടറെ വിവരമറിയിക്കുകയും ഡോക്ടര്‍ പരിശോധിച്ചു പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ബുധനാഴ്ച രോഗം മൂര്‍ച്ഛിക്കുകയും ഉച്ചയോടെ ചാകുകയുമായിരുന്നു. ഉമിനീര്‍, മൂത്രം, പാല്‍ എന്നിവയില്‍നിന്നോ കടിയേറ്റാലോ മാത്രമേ രോഗം പടരൂവെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നു വളവന്നൂര്‍ വെറ്ററിനറി ഡോക്ടര്‍ എ.ജെ ജാന്‍സി അറിയിച്ചു.
പശുവിന്റെ ഉടമയും കുടുംബവും ഇതിനകം വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. പ്രദേശത്തെ മുഴുവന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും പേവിഷബാധക്കെതിരായ കുത്തിവയ്പ് നല്‍കി. നാട്ടുകാരുടെ ആശങ്കയകറ്റാന്‍ ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും അക്രമകാരികളായ നായകളെ കൊല്ലാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സാബിറ അറിയിച്ചു. കഴിഞ്ഞ പതിനേഴിന് ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് വാരണാക്കരയില്‍ തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതേ ദിവസമാണ് പശുവിനും കടിയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."