ജ്വല്ലറികള്‍ കേന്ദ്രീകരിച്ചു ബൈക്ക് കവര്‍ച്ച; യുവാവ് അറസ്റ്റില്‍
മംഗളുരു: ജ്വല്ലറികള്‍ കേന്ദ്രീകരിച്ചു ബൈക്ക് മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിലായി. പടുബദ്രിയിലെ ഇന്ന ഗ്രാമത്തിലെ പ്രദീപ് രാമ മൊയ്‌ലി(29) യെയാണു കൗപ്പ് സി.ഐ ഹാല മൂര്‍ത്തി റാവുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ സുര്‍ത്തക്കല്‍ മേല്‍പ്പാലത്തിനു സമീപത്തു നിന്നാണു മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കവെ ഇയാളെ പിടികൂടിയത്.
ഇതു കൂടാതെ നാലു മോട്ടോര്‍ ബൈക്കുകള്‍, പതിനെട്ടു ഗ്രാമോളം സ്വര്‍ണം എന്നിവ മോഷ്ടാവിന്റെ പക്കല്‍ നിന്നു പൊലിസ് കണ്ടെടുത്തു. ഉപയോഗ ശേഷം വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിരവധി ബൈക്കുകള്‍ പൊലിസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.സി.ടി.വിയില്‍ നിന്നു ലഭിച്ച ചിത്രങ്ങളില്‍ നിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്.
ടിപ്പുജയന്തി ഇന്ന്: മടിക്കേരിയില്‍ സുരക്ഷ കര്‍ശനമാക്കി
മടിക്കേരി: കൂര്‍ഗില്‍ ഇന്നു നടക്കുന്ന ടിപ്പുജയന്തി ആഘോഷത്തിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. റിച്ചാര്‍ഡ് വിന്‍സെന്റ് ഡി ഡിസൂസയും പൊലിസ് എസ്.പി പി രാജേന്ദ്ര പ്രസാദും അറിയിച്ചു. വിവിധ സംഘടനകള്‍ ആഘോഷത്തിനെതിരേ രംഗത്തുവരുന്നതു വലിയ കലാപത്തിനു വഴിയൊരുക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണു സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
പഴയ വിധാന്‍ സഭാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയുടെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഐ.ജി ബി.കെ സിങ്, സുനില്‍ അഗര്‍വാള്‍ എന്നിവര്‍ ഇതിനകം നഗരത്തില്‍ എത്തിയിട്ടുണ്ട്. രണ്ട് എസ്.പി, അഞ്ചു ഡിവൈ.എസ്.പി, 20 ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന പൊലിസ് സേനയെ നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിക്കും. ഇരുപതു ദിവസമായി ചെക്ക് പോസ്റ്റുകളിലൂടെ കടന്നുപോവുന്ന വാഹനങ്ങളെ പരിശോധിച്ചു വരികയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. നാളെ രാവിലെ 11 വരെ ജില്ലയില്‍ മദ്യവില്‍പന നിരോധിച്ചു.
മടിക്കേരിയില്‍ 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പൊലിസ് കാസര്‍കോട് ജില്ലാതിര്‍ത്തിയില്‍ ജാല്‍സൂരിനടുത്ത് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."