ജില്ലയിലേക്ക് മാരക കീടനാശിനി എത്തുന്നത് കോയമ്പത്തൂരില്‍നിന്ന്
വാളയാര്‍: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മാരക കീടനാശിനികള്‍ എത്തുന്നത് കോയമ്പത്തൂര്‍, ചാവടി മേഖലകളില്‍ നിന്നെന്ന് കര്‍ഷകര്‍. പച്ചക്കറിയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കീടനാശിനികള്‍ ലഭ്യമാണെന്നും പറഞ്ഞ് തമിഴ്‌നാട്ടിലുള്ള ചില കടകളുടെയും കമ്പനികളുടെയും പ്രതിനിധികള്‍ എത്തുന്നതായി അതിര്‍ത്തി മേഖലകളിലെ കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം വേലന്താവളത്തെ പച്ചക്കറി ചന്തയില്‍ നിന്നു ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച പച്ചക്കറി സാമ്പിളുകളില്‍ മാരക കീടനാശിനി കണ്ടെത്തിയിരുന്നു. ചില കടകളില്‍ നിന്നു ശേഖരിച്ച പച്ചക്കറികള്‍ വിഷമയമെന്നാണു കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ നിന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു ലഭിച്ച പരിശോധന ഫലം വ്യക്തമാക്കുന്നത്.
വേലന്താവളത്തെ തന്നെ തോട്ടങ്ങളില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്നു കച്ചവടക്കാര്‍ വകുപ്പിനെ അറിയിച്ചു. ഇതര സംസ്ഥാനത്തു നിന്നു വരുന്ന പച്ചക്കറികളില്‍ വിഷമയം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ജില്ലയിലെ തോട്ടങ്ങളില്‍ നിന്നു ഇത്തരം പച്ചക്കറി കണ്ടെത്തുന്നതെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
തുടര്‍ന്നു വേലന്താവളത്തെ പച്ചക്കറിത്തോട്ടങ്ങളില്‍ അധികൃതര്‍ നടത്തിയ പരശോധനയില്‍ കൃഷി വകുപ്പ് നിര്‍ദേശിച്ച അളവില്‍ കൂടുതല്‍ കീടനാശിനി ചില തോട്ടങ്ങളില്‍ തളിക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്നുള്ള പച്ചക്കറി തല്‍ക്കാലം വാങ്ങേണ്ടെന്നു അധികൃതര്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കി.
കൃത്യമായ അളവില്‍ കീടനാശിനി തളിക്കുന്ന തോട്ടങ്ങള്‍ വേലന്താവളത്തുണ്ടെന്നും അവിടെ നിന്നു വാങ്ങാമെന്നും വ്യാപാരികളോടു പറഞ്ഞു. നിരോധിച്ചതോ അളവില്‍ കൂടുതലായതോ ആയ കീടനാശിനി തളിച്ചതായി കണ്ടെത്തിയാല്‍ കര്‍ഷകനെതിരെ കേസെടുക്കാമെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
സംഭവത്തെ തുടര്‍ന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കമ്മിഷണറുടെ നിര്‍ദേശമനുസരിച്ചാകും അടുത്ത നടപടി. കീടനാശിനി തളിക്കുന്ന അളവ് സംബന്ധിച്ച് അടുത്ത ദിവസം മുതല്‍ കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ തീരുമാനിച്ചു.
ഇതു സംബന്ധിച്ചു കര്‍ഷകര്‍ക്കു ലഘുലേഖകളും മറ്റും നല്‍കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുന്നത് അതേസമയം ലാബില്‍ നിന്നുള്ള പരിശോധനാ ഫലം വൈകുന്നത് നടപടികളെ സാരമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സാംപിള്‍ ലാബിലേക്ക് അയച്ചാല്‍ ഒരു മാസം കഴിഞ്ഞാകും പലപ്പോഴും ഫലം ലഭിക്കുന്നത്.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എം. ജോര്‍ജ്ജ് വര്‍ഗീസ്, ഓഫിസര്‍ വി. ഷണ്‍മുഖന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ ജില്ലയില്‍ ഇത്തരത്തില്‍ വ്യാപകമായി പരിശോധന നടത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ജൈവ പച്ചക്കറി പൂര്‍ണ്ണമായി വികസിപ്പിച്ചെടുക്കുക പ്രായോഗികമല്ലെങ്കിലും വീര്യം കുറഞ്ഞ കീടനാശിനികള്‍ ഉപയോഗിക്കുന്നതിന് കര്‍ഷകര്‍ക്ക് ബോധവത്കരണവും സാധ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."