ശബരിമല: സീസണ്‍ തീരുന്നതുവരെ വിവാദങ്ങള്‍ക്കില്ലെന്നു പ്രയാര്‍
പത്തനംതിട്ട: സര്‍ക്കാരുമായി ദേവസ്വം ബോര്‍ഡ് തര്‍ക്കത്തിനില്ലെന്നും മണ്ഡല-മകരവിളക്ക് ഉത്സവം തീരുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവം ഭംഗിയായി നടത്തുക എന്നതാണ് ബോര്‍ഡിനു മുന്നിലുള്ള ഏക ലക്ഷ്യം. വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാരുമായി തര്‍ക്കമില്ല. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആചാരങ്ങളില്‍ സര്‍ക്കാര്‍ കോടതിവിധിക്ക് അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ വിശ്വസിക്കാനാണ് ബോര്‍ഡിന് താല്‍പര്യം.
സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ ഈ സീസണ്‍ അവസാനിച്ച ശേഷം മാത്രമേ അഭിപ്രായം പറയൂ. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ പ്രതികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വനംവകുപ്പുമായുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും സമാന പ്രതികരണമാണ് അദ്ദേഹം നടത്തിയത്. കുന്നാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിന് കേന്ദ്ര കടുവാ സംരക്ഷണ അതോറിറ്റിയുടെ അനുവാദം മാത്രമാണിനി വേണ്ടത്.
ഇക്കാര്യത്തില്‍ സംസ്ഥാന വനംമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. വനംവകുപ്പുമായി അതിനിടെ ഉണ്ടായ തര്‍ക്കങ്ങള്‍ പരിശോധിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിട്ടുണ്ടെന്നും പ്രയാര്‍ പറഞ്ഞു.
ശബരിമലയ്‌ക്കെതിരേ ഉണ്ടായ നീക്കങ്ങള്‍ ഒറ്റപ്പെട്ടതാണെന്നു കരുതുന്നില്ല. സര്‍ക്കാര്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. നിയമത്തെ നിയമം കൊണ്ടും അവിശ്വാസികളെ വിശ്വാസം കൊണ്ടും നേരിടും.
500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് മറ്റ് ഇടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. തീര്‍ഥാടകരെ സഹായിക്കാന്‍ റോഡില്‍ അടുത്തുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന്റെ പേരും ഭാരവാഹികളുടെ ഫോണ്‍ നമ്പരും പേരുമുള്ള ബോര്‍ഡ് സ്ഥാപിക്കുമെന്നും പ്രയാര്‍ പറഞ്ഞു.
ശബരിമല വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന്റെ ചുമതലയില്‍ നിന്ന് പി.ആര്‍.ഡിയെ ഒഴിവാക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."