ഇരുവൃക്കകളും തകരാറിലായ സനിയമ്മയ്ക്കായി നാടൊരുമിക്കുന്നു
വൈക്കം: ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ടി.വി പുരം പഞ്ചായത്തിലെ കോട്ടച്ചിറ കായിപ്പുറത്തുവീട്ടില്‍ സനിയമ്മ(43)യുടെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച്, 13 വയസുള്ള വിദ്യാര്‍ഥിനിയായ മകളുമായി വിവാഹിതയായ സഹോദരിയോടൊപ്പമാണു സനിയമ്മ താമസിച്ചിരുന്നത്.
സഹോദരീ ഭര്‍ത്താവ് കൂലിപ്പണി ചെയ്തു കിട്ടുന്നതായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനം. ടി.വി പുരം പഞ്ചായത്തില്‍ ആശാവര്‍ക്കറായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇവര്‍ അസുഖബാധിതയാകുന്നത്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് സനിയമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇതേത്തുടര്‍ന്നു നിര്‍ദ്ധനയായ സനിയമ്മയ്ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനാ പ്രതിനിധികള്‍, ടി.വി പുരം പൗരാവലി എന്നിവരയുടെ യോഗം ചേര്‍ന്ന് ജോസ് കെ. മാണി എം.പി, സി.കെ ആശ എം.എല്‍.എ, ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി എന്നിവര്‍ രക്ഷാധികാരികളായി 75 അംഗ ചികിത്സാസഹായനിധി രൂപീകരിച്ചു.
സഹായനിധി ശേഖരണത്തിനായി ടി.വി പുരം എസ്.ബി.ടിയില്‍ 67380752335 (ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍0000479) എന്ന നമ്പറിലും, പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 8632 എന്ന നമ്പറായും അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."