നോട്ട് മാറിയെടുക്കല്‍; ബാങ്കുകളില്‍ വന്‍ തിരക്ക്
കൊച്ചി: കള്ളപ്പണം തടയുന്നതിനായി നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ജില്ലയിലെ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ഇന്നലെ ചില്ലറ മാറാനുള്ളവരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പത്ത് മണിക്കാണ് ബാങ്കുകള്‍ തുറക്കുന്നതെങ്കിലും രാവിലെ ഏഴ് മണി മുതല്‍ ബാങ്കിനു മുന്നില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. പലയിടങ്ങളിലും ആളുകളെ നിയന്ത്രിക്കാന്‍ പൊലീസും വിന്യസിച്ചിരുന്നു. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ എത്തിയപ്പോള്‍ പോസ്റ്റ് ഓഫീസുകളില്‍ പണമെത്താതിരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ചില ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ പ്രവൃത്തിസമയം ആരംഭിച്ച് രണ്ടു മണിക്കൂറോളം കഴിഞ്ഞു പണമെത്തിയതും, 2000, 500 എന്നീ നോട്ടുകള്‍ എത്താത്തിരുന്നതും പ്രശ്‌നം രൂക്ഷമാക്കി.
100, 50, 20 രൂപാ കറന്‍സികളാണ് പലയിടത്തും നല്‍കിയത്. ചില ബ്രാഞ്ചുകളില്‍ മാത്രം 2000 രൂപാ നോട്ടും നല്‍കി. ബാങ്കില്‍ നിന്നും നേരിട്ട് 10000 രൂപ വരെ ഇന്നലെ പിന്‍വലിക്കാമായിരുന്നു. ചില്ലറയില്ലാത്തതിനാല്‍ പൂട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയിലെ പെട്രോള്‍ പമ്പുകളെല്ലാം ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
മരട്: പിന്‍വലിച്ച നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമായി മരട്, നെട്ടൂര്‍ പനങ്ങാട് മേഖലയിലെ ബാങ്കുകളില്‍ രാവിലെ മുതല്‍ തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഇടവേള ഇല്ലാതെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചെത്തിലും വലിയ തുക എണ്ണി തിട്ടപ്പെടുത്തു ന്നതിന് സമയം എടുത്തതും ക്യൂ തെറ്റിച്ചതും ചില ബ്രാഞ്ചുകളില്‍ ബഹളത്തിന് ഇടയാക്കി. ബഹളമുണ്ടായ ചില സ്ഥലങ്ങളില്‍ മരട്, പനങ്ങാട് പൊലീസെത്തി നിയന്ത്രണ വിധേയമാക്കി. വീതി കുറവുള്ള റോഡില്‍ വാഹനങ്ങള്‍ നിറുത്തിയതോടെ ഗതാഗത കുരുക്കും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."