അറബ് ബന്ധത്തിന് കോട്ടമുണ്ടാകില്ല
റിയാദ്: ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അറബ്-അമേരിക്ക ബന്ധത്തിന് വിള്ളലുണ്ടാക്കില്ലെന്ന് നിരീക്ഷകര്‍. എന്നാലും ട്രംപിന്റെ വിജയത്തെ ആശങ്കയോടെയാണ് അറബ് സമൂഹം നോക്കിക്കാണുന്നത്. നേരത്തേ ട്രംപിനെതിരേ കടുത്ത നിലപാട് സ്വീകരിച്ച അറബ് രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ വിജയത്തോടെ വളരെ കരുതലോടെയാണ് പ്രതികരിച്ചത്.
അമേരിക്കയുമായി അടുത്തബന്ധം പുലര്‍ത്തുകയും എന്നാല്‍ അടുത്തകാലത്ത് നയതന്ത്ര ബന്ധത്തില്‍ ചെറിയ വിള്ളലുണ്ടാകുകയും ചെയ്ത അറബ് രാജ്യങ്ങളിലെ പ്രമുഖ ശക്തിയായ സഊദി അറേബ്യയുടെ നിലപാട് ഇതാണ് വ്യക്തമാക്കുന്നത്. സഊദി ഭരണകര്‍ത്താക്കള്‍ ഒന്നടങ്കം ട്രംപിന് ആശംസയുമായെത്തിയിരുന്നു.
മുസ്ലിംകളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുകയില്ലെന്ന വിവാദ പ്രസ്താവനയും അറബ് സമൂഹത്തിന്റെ നിലപാടിനെതിരേ നടത്തിയ നീക്കങ്ങളുമാണ് ട്രംപിനെതിരേ തിരിയാന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത്തരം നിലപാടുകള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുമ്പോള്‍ പുറത്തെടുക്കിയില്ലെന്ന വിശ്വാസമാണ് അറബ് ഭരണാധികാരികള്‍ക്കുള്ളത്.
നിലവില്‍ മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ വ്യക്തമായ സാന്നിധ്യമാണുള്ളത്. അതില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി സഊദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്മിറ്റി അഫയേഴ്സ് പ്രസിഡന്റ് സല്മാന് അല്‍ അന്‍സാരി വാഷിങ്ടണില്‍ സഊദി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിലവിലെ ശക്തമായ ബന്ധം നിലനിര്‍ത്തുമെന്നും യാതൊരു പ്രശ്നവും ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുക്കില്ലെന്നും റിയാദിലെ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ക്രിസ്റ്റഫര്‍ ഹെന്‍സില്‍ അഭിപ്രായപ്പെട്ടു.
സഊദിയുമായുള്ള 80 വര്‍ഷത്തെ അമേരിക്കന്‍ ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, ട്രംപിന്റെ വിജയം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."