പാലൂരില്‍ വീണ്ടും സൂര്യകാന്തി പാടങ്ങള്‍ പൂത്തു
പുലാമന്തോള്‍: പാലൂരില്‍ വീണ്ടും സൂര്യകാന്തി പാടങ്ങള്‍ പൂത്തത് നാട്ടുകാര്‍ക്ക് കൗതുകകരമായി. എന്നാല്‍ ഇത്തവണ വടക്കന്‍ പാലൂരിലാണ് അതി വിപുലമായി സൂര്യകാന്തി ചെടികള്‍ കൃഷി ചെയ്തിട്ടുള്ളത്. പുലാമന്തോള്‍ തിരുനാരായണപുരത്തെ ചോലപറമ്പത്ത് ശശിധരന്റെ പാട്ടത്തിനെടുത്ത ഒരു ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് ഇത്തവണ സൂര്യകാന്തി കൃഷി ചെയ്തത്. രണ്ടുവര്‍ഷം മുന്‍പ് സൂര്യകാന്തി കൃഷി പരീക്ഷണം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാല്‍ നല്ലയിനം സൂര്യകാന്തി വിത്തുകളെ തേടി ശശിധരന്‍ ഹൈദരാബാദ് വരെ എത്തി ഒടുവില്‍ ഹൈദരാബാദിലെ ഈ സൂര്യകാന്തി വിത്തുകളുമായി മലയാള നാട്ടിലെ റാബി സീസണില്‍ സൂര്യകാന്തി കൃഷി ചെയ്‌തെടുത്തതോടെ വടക്കന്‍ പാലൂരിലെ കൃഷി പാടങ്ങള്‍ സൂര്യകാന്തി പൂക്കളാല്‍ നിറഞ്ഞു നിന്നു. കേരളത്തിലെ കാലാവസ്ഥാടിസ്ഥാനത്തില്‍ നവംബര്‍ അവസാനഘട്ടങ്ങളില്‍ സൂര്യകാന്തി കൃഷിക്ക് അനുയോജ്യമാണെന്നും ഈ കര്‍ഷകന്‍ പറയുന്നു.
മൂന്നു മാസം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന ഈ സൂര്യകാന്തി ചെടികള്‍ 60 ദിവസം ആയപ്പോഴേക്കും പൂക്കളാല്‍ നിറഞ്ഞു നിന്നു. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി കൃഷിപാടത്ത് പ്രത്യേകം തളമെടുത്താണ് ഇത്തവണ സൂര്യകാന്തി കൃഷി ചെയ്‌തെടുത്തത്. സൂര്യകാന്തി പൂക്കള്‍ ഗവേഷണാടിസ്ഥാനത്തിന്‍ വിരിഞ്ഞു നിന്നതോടെ തൃശൂരിലെ ഒരു കമ്പനിയുമായി കരാറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകാന്തി പൂക്കള്‍ ഉപയോഗിച്ച് എണ്ണ ഉല്‍പാദിപ്പിക്കുന്നതോടൊപ്പം ചെടികള്‍ ഉണങ്ങിയാല്‍ വിറകാവശ്യത്തിനും ഉപയോഗപ്രഥമാണെന്നും ഈ കര്‍ഷന്‍ പറയുന്നു.
സൂര്യകാന്തി കൃഷി കൂടാതെ വെണ്ട, വഴുതനങ്ങ, ചേന, ചേമ്പ്, കൂര്‍ക്ക, വ്യത്യസ്ത ഇനം കുവ്വ, മഞ്ഞള്‍, എന്നിവയുമൊക്കെയുണ്ട് ശശിധരന്റെ ഈ കൃഷി തോട്ടത്തില്‍. സംസ്ഥാന അവാര്‍ഡുകളടക്കം എട്ടോളം പുരസ്‌കാരങ്ങള്‍ ഇതിനോടകം ഈ കര്‍ഷകന്‍ നേടി കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശശിധരന്‍ ചെയ്തതടുത്ത ഗോപിക എന്ന പേരിലുള്ള കര നെല്‍കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരുന്നു. പുലാമന്തോള്‍ പഞ്ചായത്തില്‍ പാലൂര്‍ ചെട്ടിയങ്ങാടിയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പാലൂരിലെ കര്‍ഷകനായ സുകുമാരന്‍ കൃഷി ചെയ്‌തെടുത്തതും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."