ലോറിക്ക് തീപിടിച്ച സംഭവം: ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി
അരീക്കോട്: നിര്‍ത്തിയിട്ട ലോറിക്ക് തീ പിടിച്ച സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടിനാണ് സംഭവസ്ഥലത്തെത്തി ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ് അരീക്കോട് മുക്കം റോഡില്‍ കുറ്റൂളി ജങ്ഷനില്‍ നിര്‍ത്തിയിട്ട ലോറിക്ക് തീ പിടിച്ചത്. കേടുപാടുകള്‍ തീര്‍ത്ത് അഞ്ചുകിലോമീറ്റര്‍ ട്രയല്‍ ഓടിയതിന് ശേഷം നിര്‍ത്തിയിട്ടതായിരുന്നു ലോറി. ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അണക്കാന്‍ ഓടിയെത്തിയ കുനിയില്‍ സ്വദേശി പെരുമ്പളത്ത് ജംഷീറിനും ലോറി ജീവനക്കാരായ രണ്ടുപേര്‍ക്കും പരുക്കേറ്റിരുന്നു. പൊള്ളലേറ്റതിന് പിന്നാലെ കിണറ്റില്‍ ചാടിയ ജംഷീറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ പുകവലിച്ചവരില്‍ നിന്ന് ടാങ്കിലേക്ക് തീപ്പൊരികള്‍ വീണതോ ആവാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ലോറി ഉടമ കൊഴകോട്ടൂര് സ്വദേശി പ്രദീപ് കുമാറിന്റെ പരാതിയില്‍ അരീക്കോട് എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."