ആയഞ്ചേരി-വില്ല്യാപ്പള്ളി റോഡ് നവീകരണം എങ്ങുമെത്തിയില്ല
ആയഞ്ചേരി: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ആയഞ്ചേരി-വില്ല്യാപ്പള്ളി റോഡ് നവീകരണം എങ്ങുമെത്തിയില്ല. റോഡിലെ ചളിക്കുഴികളും പൊടിശല്യവും യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാവുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പലപ്പോഴായി നടന്ന അറ്റകുറ്റപ്പണി നടന്നുവെങ്കിലും റീ ടാറിങ് ചെയ്തിരുന്നില്ല.
വള്ള്യാട് ഭാഗത്താണ് ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ വികസനത്തിനായി വീതികൂട്ടല്‍ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവുചാല്‍ നിര്‍മാണവും റോഡുയര്ത്തലും ഇനിയും പൂര്‍ത്തിയായിട്ടില്ല. ചുവ്വാം വെള്ളിത്താഴ ഭാഗത്തു നടക്കുന്ന ഓവുചാല്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. ഓവുചാല്‍ നിര്‍മാണം കഴിഞ്ഞാല്‍ മാത്രമാണ് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ നടക്കുകയുള്ളൂ.
പക്ഷെ, നിലവിലുള്ള സ്ഥിതിയാണ് തുടരുന്നതെങ്കില്‍ റീ ടാറിങ് കഴിഞ്ഞ് റോഡ് ഗതാഗതയോഗ്യമാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും.
ഇവിടെ റോഡ് നവീകരണത്തിനായി നിരവധി ജനകീയ സമരങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റോഡ് നവീകരണത്തിന്റെ ഭാഗമായി കുറച്ച് സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.
നിരവധി ബസുകള്‍ സര്‍വിസ് നടത്തിയിരുന്ന ഇവിടെ റോഡിന്റെ തകര്‍ച്ച കാരണം നാമമാത്രമായ ബസുകള്‍ മാത്രമേ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുള്ളൂ.
ഫണ്ടിന്റെ അഭാവമാണ് നവീകരണപ്രവൃത്തി ഇഴഞ്ഞു നീങ്ങാന്‍ ഇടയാക്കിയതെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."