നീലേശ്വരം ഹോമിയോ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റും: വയോജന കേന്ദ്രം സുസജ്ജം
നീലേശ്വരം: ഹോമിയോ വകുപ്പ് ആവിഷ്കരിച്ച വയോജന പരിപാലന പദ്ധതി നീലേശ്വരം നഗരസഭയില്‍ മികച്ച പദ്ധതിയായി മാറുന്നു. എന്‍.കെ ബാലകൃഷ്ണന് സ്മാരക സര്‍ക്കാര്‍ ആശുപത്രിയെ 2016 - 17 വര്‍ഷത്തില്‍ ഫിസിയോതെറാപ്പി ചികിത്സാ കേന്ദ്രവും ലബോറട്ടറി സംവിധാനവുമടക്കം മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ നഗരസഭ ആവിഷ്കരിച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍കെ.പി ജയരാജന് പറഞ്ഞു.
നഗരസഭയുടെ നേതൃത്വത്തില്‍ തുടങ്ങിയ വയോജന പരിപാലന കേന്ദ്രത്തില്‍ വയോജനങ്ങള്‍ക്കു കേവല ചികിത്സ എന്നതിനപ്പുറം വിദഗ്ദമായ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടു രോഗചികിത്സ, പ്രത്യേക ഫിസിയോതെറാപ്പി ചികിത്സകള്‍, മാനസികമായ ആരോഗ്യത്തിനു വിദഗ്ദരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്, ലബോറട്ടറി പരിശോധനകള്‍, കിടത്തി ചികിത്സ തുടങ്ങിയവ സംയോജിപ്പിച്ചുകൊണ്ടാണു കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ജിറിയാട്രിക് കെയര്‍ നഴ്സിനെയും ഫിസിയോതെറാപ്പിസ്റ്റിനേയും നിയോഗിച്ചിട്ടുണ്ട്. നീലേശ്വരം ഹോമിയോ ആശുപത്രിയിലെ മികച്ച ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം മറ്റു വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. സ്ത്രീകളായ വയോജനങ്ങള്‍ക്കു ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന 'സീതാലയം' പദ്ധതിയുടെ സേവനവും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എഴുപതു കഴിഞ്ഞ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കു വിദഗ്ദ പരിശോധനയുടെ വെളിച്ചത്തില്‍ പ്രിവിലേജ് കാര്‍ഡ് നല്കാന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രിവിലേജ് കാര്‍ഡ് ലഭിക്കുന്നവര്‍ക്കു ചികിത്സയും മരുന്നും ഫിസിയോതെറാപ്പി, ലബോറട്ടറി സേവനങ്ങളും സൗജന്യമായി ലഭ്യമാക്കും.
വയോജനങ്ങള്‍ക്കു ക്യൂ നില്‍ക്കാതെ ഡോക്ടറെ കണ്ടു മരുന്നു വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."