ചെര്‍ക്കള നഗര നവീകരണത്തിലെ ക്രമക്കേട്
ചെര്‍ക്കള: നഗര വികസന പ്രവര്‍ത്തിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് വീണ്ടും പരിശോധന നടത്തി. ചെര്‍ക്കള മുതല്‍ ബദിയഡുക്ക റോഡിലെ കെട്ടുംകല്ല് വരെ ഒന്നര കിലോമീറ്റര്‍ റോഡ് മെക്കാഡം ടാറിങ്ങു നടത്തിയ ഭാഗമാണു വിജിലന്‍സ് സംഘം ഇന്നലെ പരിശോധന നടത്തിയത്. ടൗണ്‍ നവീകരണം നടത്തിയതില്‍ ക്രമക്കേട് ഉണ്ടെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞ മാസം 22നു നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നു പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനീയറും കരാറുകാരനും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു. രണ്ടു കോടി രൂപ ചെലവിട്ടാണു നഗരത്തിന്റെ വികസന പ്രവര്‍ത്തനം നടത്തിയത്.
ടാറിങ്ങ് നടത്തിയ റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നതും ചില ഭാഗങ്ങളില്‍ മണ്ണ് അമര്‍ന്നു റോഡു കുഴിഞ്ഞു കിടന്നതും ആവശ്യത്തിനു ടാര്‍ ഉപയോഗിക്കാത്തതും ഗുണനിലവാരം കുറഞ്ഞ സാധന സാമഗ്രികള്‍ നിര്‍മാണതിന് ഉപയോഗിച്ചതു കാരണമാണെന്നു വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇവിടെ നിര്‍മിച്ച രണ്ടു വലിയ സര്‍ക്കിളുകള്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുമെന്നും വിജിലന്‍സ് സംഘം പറഞ്ഞു. അശാസ്ത്രിയമായാണു നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതെന്നും പ്രവര്‍ത്തികളില്‍ വ്യാപകമായ അഴിമതിയുണ്ടെന്നും തുടക്കം മുതലെ നാട്ടുകാര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."