നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ്: ഹജ്ജ് കമ്മിറ്റി - സിയാല്‍ കൂടിക്കാഴ്ച 24ന് കൊച്ചിയില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു പോകുന്നവര്‍ക്ക് നൊടുമ്പാശ്ശേരിയില്‍ ഒരുക്കുന്ന ഹജ്ജ് ക്യാംപിന്റെ പ്രാരംഭ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡു(സിയാല്‍)മായി 24ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചര്‍ച്ച നടത്തും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്്‌ലിയാര്‍, ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ എസ്.വെങ്കിടേശപതി, ഹജ്ജ് അസി.സെക്രട്ടറി ഇ.സി. മുഹമ്മദ് എന്നിവര്‍ സിയാല്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കൊച്ചിയിലെത്തും. രാവിലെ 11 നാണ് യോഗം ചേരുക. ഹജ്ജ് ക്യാംപ്,വിമാന സര്‍വിസുകള്‍ എന്നിവയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സിയാലിന്റെ പരിപൂര്‍ണ സഹകരണം പ്രതീക്ഷിച്ചാണ് ഹജ്ജ് കമ്മിറ്റിയുടെ കൂടിക്കാഴ്ച.
മഴക്കാലത്താണ് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുകയെന്നതിനാല്‍ നെടുമ്പാശ്ശേരിയില്‍ ഇതിനനസരിച്ച് ഹജ്ജ് ക്യാംപ് ഒരുക്കേണ്ടിവരുന്നതിനാലാണ് ആദ്യഘട്ട ചര്‍ച്ച നേരത്തെ ആക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ കൂടുതലാണ്. 9943 പേര്‍ക്കാണ് ഹജ്ജിന് ഇതുവരെ അവസരം ലഭിച്ചത്. ഇവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുളള തീര്‍ഥാടകരും ഹജ്ജ്ക്യാപ് വഴിയാവും യാത്രയാവുക. അതുകൊണ്ടുതന്നെ ക്യാംപില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. ഹജ്ജ് ക്യാംപിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം തുടങ്ങേണ്ടതുമുണ്ട്. കഴിഞ്ഞ വര്‍ഷം ഹജ്ജ് ക്യാംപ് ഒരുക്കിയ സ്ഥലത്തു തന്നെ ക്യാംപ് ഒരുക്കാനാണ് ഇത്തവണയും ഹജ്ജ് കമ്മിറ്റിയുടെ ശ്രമം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താനാകുമെന്നതിനാലാണിത്.
ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ ആഗസ്റ്റ് 4 മുതലാണ് ആരംഭിക്കുന്നത്. രണ്ടുഘട്ടങ്ങളായാണ് ഹജ്ജ് സര്‍വിസുകള്‍ നടത്തുക. ആദ്യഘട്ടത്തിലുളള വിമാനങ്ങള്‍ മദീനയില്‍ ഇറങ്ങി, തീര്‍ഥാടകരെ ജിദ്ദവഴി തിരിച്ചുകൊണ്ടുവരും. രണ്ടാംഘട്ടത്തിലുളളവരെ ജിദ്ദ വഴി കൊണ്ടു പോയി മടക്കം മദീനവഴിയാക്കും. കേരളം ഏതുഘട്ടത്തിലാണെന്ന് തീരുമാനിച്ചിട്ടില്ല.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഇത്തവണ നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ കരാര്‍ ഏറ്റെടുത്തത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണവും, റണ്‍വേ റീ-കാര്‍പ്പറ്റിങ് പൂര്‍ത്തിയാവാത്തതിനാലുമാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."