വിപണിയിലും തൊഴില്‍മേഖലയിലും മാന്ദ്യം തുടരുന്നു മൂന്നാം ദിനവും 'നോട്ടില്‍'നട്ടംതിരിഞ്ഞ് നാട്
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മൂന്നാംദിവസവും സംസ്ഥാനത്തിനു കരകയറാനായില്ല. പണലഭ്യതയിലുള്ള പരിമിതി സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് സാമ്പത്തികരംഗം പൂര്‍ണമായി മോചനം നേടിയിട്ടില്ല. പ്രധാന തൊഴില്‍മേഖലകളും കമ്പോളവും ഇതുവരെ പൂര്‍വസ്ഥിതി പ്രാപിച്ചിട്ടില്ല.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമായ ബുധനാഴ്ച ജനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ക്കു വിനിമയസാധുത നഷ്ടമാകുകയും ബാങ്ക്, എ.ടി.എം സംവിധാനങ്ങള്‍ സ്തംഭിക്കുകയും ചെയ്തതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികമേഖല ഏറെക്കുറെ പൂര്‍ണമായി നിശ്ചലമായിരുന്നു.
വ്യാഴാഴ്ച ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫിസുകള്‍ വഴിയും പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ ആരംഭിക്കുകയും ഇന്നലെ എ.ടി.എം പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും ഇതുവഴി ലഭിക്കുന്ന പണം പരിമിതമാണ്.
ബാങ്കുകള്‍ ഒരാള്‍ക്ക് ഒരുതവണ മാറ്റിക്കൊടുക്കുന്നത് പരമാവധി 4,000 രൂപ മാത്രമാണ്. എ.ടി.എം വഴി ലഭിക്കുന്നത് 2,000 രൂപയും. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ നീണ്ട ക്യൂ കാരണം പണലഭ്യത ഏറെ വൈകുകയും ചെയ്യുന്നു. ആവശ്യത്തിനു പണം ലഭ്യമല്ലാത്തതിനാല്‍ വിപണിയിലും ദിവസക്കൂലി നല്‍കുന്ന തൊഴില്‍മേഖലയിലും വന്‍ തിരിച്ചടിയാണ്.
കൂലി കൊടുക്കാന്‍ പണം ലഭ്യമല്ലാത്തതിനാല്‍ നിര്‍മാണമേഖല ഏറെക്കുറേ സ്തംഭിച്ചു. വിപണിയും ഏതാണ്ട് നിശ്ചലമാണ്. കച്ചവടം പകുതിയായെന്നു വ്യാപരികള്‍ പറയുന്നു. പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് മത്സ്യം, പച്ചക്കറി തുടങ്ങി പെട്ടെന്ന് കേടായിപ്പോകുന്ന സാധനങ്ങള്‍ വില്‍ക്കുന്ന മേഖലയെയാണ്. ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ എടുത്ത സ്റ്റോക്ക് വലിയൊരളവില്‍ ചീഞ്ഞുപോയതു മൂലം വന്‍ നഷ്ടം സംഭവിച്ചതായി ചെറുകിട കച്ചവടക്കാര്‍ പറയുന്നു. കച്ചവടം കുറഞ്ഞതു മൂലം മത്സ്യം മാര്‍ക്കറ്റില്‍ എടുക്കാത്ത സാഹചര്യമുള്ളതിനാല്‍ കഴിഞ്ഞ രണ്ടുദിവസമായി വലിയൊരു വിഭാഗം മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകാത്ത അവസ്ഥയുമുണ്ട്.
ഭൂമിയിടപാടിലുണ്ടായ നിശ്ചലാവസ്ഥ ഈ മേഖലയിലെ പ്രതിസന്ധിക്കൊപ്പം പൊതുഖജനാവിലേക്കുള്ള വരവിലും വന്‍ ഇടിവാണുണ്ടാക്കിയത്. ഭൂമി രജിസ്‌ട്രേഷന്റെ പ്രതിദിന ശരാശരിയുടെ മൂന്നിലൊന്നാണ് കഴിഞ്ഞ മൂന്നുദിവസമായി നടന്നത്. വലിയ നിശ്ചലാവസ്ഥ സംഭവിച്ച മറ്റൊരു വിപണി സ്വര്‍ണവ്യാപാര മേഖലയാണ്. ജ്വല്ലറികളില്‍ വില്‍പന നാമമാത്രമാണ്.
കറന്‍സി നിരോധനം പോലെ ഭാവിയില്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിനു അപ്രതീക്ഷിത നിയന്ത്രണം വരുമോ എന്ന ആശങ്കയും സ്വര്‍ണം വാങ്ങുന്നതില്‍നിന്നു ജനങ്ങളെ വിലക്കുന്നതായി സ്വര്‍ണവ്യാപാരികള്‍ പറയുന്നു. ഈ മേഖലകളിലെല്ലാം സംഭവിച്ച മാന്ദ്യം പൊതുഖജനാവിനുണ്ടാക്കുന്ന നഷ്ടം സര്‍വിസ് മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ ശമ്പളലഭ്യതയെ ഈ സ്ഥിതിവിശേഷം ബാധിക്കുമോ എന്ന ആശങ്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."