തൊഴില്‍ പ്രതിസന്ധി: ബുറൈദയില്‍ 22 ഇന്ത്യക്കാര്‍ ദുരിതത്തില്‍
റിയാദ്: സൗദിയിലെ ബുറൈദയില്‍ ജോലിക്കെത്തിയ കൊല്‍ക്കത്ത സ്വദേശികളായ 22 ഇന്ത്യക്കാരടക്കം 39 തൊഴിലാളികള്‍ ദുരിതത്തില്‍. ഭക്ഷണത്തിനു പോലും വകയില്ലാതെ കഴിയുന്ന തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ കാരുണ്യത്തിലാണ് ഇവിടെ കഴിയുന്നത്. 17 പേര് നേപ്പാള്‍ സ്വദേശികളാണ്. ബുറൈദ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണം നല്കി.
1000 റിയാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണു മുംബൈയിലെ ഒരു സ്വകാര്യ റിക്രൂട്ട്മെന്റ് കമ്പനി ഇവരെ ബുറൈദയിലെത്തിച്ചത്. സഊദിയിലെത്തിയ ആദ്യ ആറു മാസം മക്കയില്‍ സാപ്റ്റ്കോ ഓഫിസുകളില്‍ തൊഴിലെടുത്തെങ്കിലും ഒരു മാസത്തെ ശമ്പളം മാത്രമാണ് ഇവര്‍ക്കു ലഭിച്ചത്.
അതു തന്നെ ഏഴു തവണകളായാണു ലഭിച്ചത്. വിസക്ക് ഒരു ലക്ഷം രൂപ നല്കിയെത്തിയ ഇവര്‍ക്കു ബാക്കിയുള്ള ശമ്പളം നല്‍കിയില്ലെന്നു മാത്രമല്ല കാലാവസ്ഥാ മാറിയതിനെത്തുടര്ന്നുള്ള തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പു പോലും നല്‍കിയിട്ടില്ല.
39 തൊഴിലാളികള്‍ മൂന്നു മുറികളിലാണു താമസിക്കുന്നത്. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ തൊട്ടടുത്തുള്ള ഹോട്ടലുടമകളാണു മിക്കപ്പോഴും ഭക്ഷണം നല്‍കുന്നത്. ഇവരുടെ ഇഖാമയും കമ്പനി അധികൃതര്‍ വാങ്ങിക്കൊണ്ടു പോയിരുന്നു.
ഇവരെ സന്ദര്‍ശിച്ച ബുറൈദ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാമഗ്രികള്‍ നല്കി. കൂടാതെ പാചകം ചെയ്യുന്നതിനുള്ള ഗ്യാസ് സിലിണ്ടര്‍, വെള്ളം മറ്റു അവശ്യ വസ്തുക്കള്‍ എന്നിവയും നല്കി. പ്രശ്ന പരിഹാരത്തിന് ഇവര്‍ക്കൊപ്പം നിന്ന് ഇന്ത്യന്‍ എംബസിക്കുംസൗദി അധികൃതര്‍ക്കും പരാതി നല്കുമെന്നു കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."