ട്രംപിനെതിരേ പ്രകടനം: ഓറിഗോണില്‍ സംഘര്‍ഷം
ന്യൂയോര്‍ക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പോര്‍ട്ട് ലാന്റ് ഓറിഗോണില്‍ പ്രതിഷേധം അക്രമാസക്തമായി. നിരവധി വ്യാപാരസ്ഥാപനങ്ങളുടെയും കാറുകളുടെയും ചില്ലുകള്‍ തകര്‍ത്തു. ചിലര്‍ പടക്കം പൊട്ടിച്ചും പ്രതിഷേധിച്ചു. പൊലിസ് 29 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ വിജയം അമേരിക്കക്കാരില്‍ വംശീയമായും ലിംഗപരമായും കടുത്ത ചേരിതിരിവുണ്ടാക്കുമെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്. അതിനിടെ സിയാറ്റിലില്‍ ട്രംപ് വിരുദ്ധ റാലിയുടെ നേര്‍ക്കു തോക്കുധാരി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റു.
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ പ്രകടനക്കാര്‍ ട്രംപ് ടവേഴ്‌സിലേക്കു കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ഷിക്കാഗോയിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിനും ടവറിനും മുന്നില്‍ പ്രകടനം നടന്നു. ബര്‍ക്കിലി ഹൈസ്‌കൂള്‍ വളപ്പില്‍ കലിഫോര്‍ണിയക്കാരായ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 1500പേര്‍ പ്രതിഷേധ പ്രകടനം നടത്തി. കൂലിപ്രതിഷേധക്കാരാണു തനിക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്നു ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."