കണ്ണൂര്‍ മെഡിക്കല്‍ കോളജ് സമരം ഒത്തുതീര്‍ന്നു
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജ് തൊഴിലാളികള്‍ നടത്തിവന്ന സമരം തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 14ന് ജീവനക്കാര്‍ ജോലിക്ക് ഹാജരാകും. സ്ഥാപനത്തിലെ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുളള എല്ലാ ജീവനക്കാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്ക് ബാധകമായ മിനിമം വേതനം നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. ബോണസും ഫെസ്റ്റിവല്‍ അലവന്‍സും സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനുളള നിര്‍ദേശം ഒരു മാസത്തിനകം ലേബര്‍ കമ്മിഷണര്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതു പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊളളും. നിലവില്‍ നല്‍കാനുളള വേതന കുടിശിക 15ന് വിതരണം ചെയ്യും. മറ്റു വിഷയങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കും. സമരവുമായി ബന്ധപ്പെട്ട് പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കി. ലേബര്‍ കമ്മിഷണര്‍ ഡോ. കെ ബിജു, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ വി.എല്‍ മുരളീധരന്‍, കോഴിക്കോട് റീജ്യണല്‍ ജോ. ലേബര്‍ കമ്മിഷണര്‍ കെ.എം സുനില്‍, ജില്ലാ ലേബര്‍ ഓഫിസര്‍മാരായ ബേബി കാസ്‌ട്രോ, കെ.എം അജയകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും അബ്ദുല്‍ ജബ്ബാര്‍, കെ കൃഷ്ണന്‍, കെ.പി സഹദേവന്‍, എം.വി ജയരാജന്‍, വി.വി ബാലകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."