യുവാവിനെ മര്‍ദിച്ച കേസില്‍ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ കേസില്‍ നാലുപേരെ സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കുലശേഖരം സ്വദേശി അജിന്‍(24)നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഇടുക്കി നെടുങ്കണ്ടം കാഞ്ഞിരത്തിങ്കല്‍ അജീഷ്(25), ചങ്ങനാശ്ശേരി പെരുന്ന പുത്തന്‍പുരക്കല്‍ ബിച്ചു ചന്ദ്രന്‍, വൈറ്റില ഭുവനേശ്വരി റോഡില്‍ കണ്ണോതുടി കാര്‍ത്തിക് മനു(28), വൈറ്റില കുഞ്ഞന്‍ബാവ റോഡില്‍ മുക്കുടതുണ്ടിയില്‍ സന്തോഷ് എന്ന മണികണ്ഠന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടുകാരനായ അജിന്‍ പ്രതി അജീഷുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിനും പിടിച്ചുപറിക്കും കാരണമായതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ഏഴിന് രാത്രി കെ.എസ്.ആര്‍.ടി.സിക്ക് സമീപമുള്ള വിവേകാനന്ദ റോഡിലൂടെ നടന്നുപോകുമ്പോള്‍ അജീഷും സുഹൃത്ത് ബിച്ചുവും മറ്റൊരാളും കൂടി അജിനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി. സുഹൃത്തും ഓട്ടോ ഡ്രൈവറുമായ മനുവിന്റെ വീട്ടില്‍ കൊണ്ടുപോയി അവിടെ വച്ച് മര്‍ദിച്ചു. ശേഷം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ അജിന്റെ പേരില്‍ മുറിയെടുത്ത് വീണ്ടും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അജിന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതിനിടെ പ്രതികളിലൊരാള്‍ അജിനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന് പൊലിസ് പറഞ്ഞു.
യുവാവിന്റെ സ്വര്‍ണവും, പഴ്‌സും, വാച്ചും പ്രതികള്‍ അപഹരിച്ചു. ക്രൂര മര്‍ദനത്തില്‍ അവശനായ ഇയാളെ റെയില്‍വെ ട്രേക്കില്‍ ഉപേക്ഷിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലിസ് പറഞ്ഞു. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷം പ്രതികള്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ സമയത്ത് അജിന്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ അടുത്ത റൂമിലുണ്ടായിരുന്നവരാണ് പൊലിസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അജീഷും സുഹൃത്ത് ബിച്ചുവും പിടിയിലാവുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട കാര്‍ത്തിക് മനുവും, മണികണ്ഠനും ഒളിവില്‍ കഴിയവേയാണ് പൊലിസിന്റെ വലയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ ലാല്‍ജി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ എസ് വിജയശങ്കര്‍, അഡീഷണല്‍ എസ്.ഐ സെബാസ്റ്റ്യന്‍, സീനിയര്‍ സി.പി.ഓമാരായ മണി അരുണ്‍, ഷാജി, സി.പി.ഓമാരായ നിജാഫ്, സുധീര്‍ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."