നാലാം നാളും ജനം വലഞ്ഞു
തിരുവനന്തപുരം: നോട്ടുമാറ്റല്‍ ദുരിതത്തില്‍ നാലാം നാളും ജനം വലഞ്ഞു. ഇന്നലെ ഉച്ചയായപ്പോള്‍ തന്നെ മിക്ക ബാങ്കുകളിലും പണം തീര്‍ന്നു. തുടര്‍ന്ന് പണം നല്‍കുന്നത് ഉച്ചയ്ക്കുശേഷം നിര്‍ത്തിവച്ചു. നൂറുകണക്കിനാളുകള്‍ ഒരേസമയം നോട്ടുകളുമായെത്തിയതോടെ കള്ളനോട്ടുകളുണ്ടോയെന്ന് വ്യക്തമായി പരിശോധിച്ച ശേഷമാണ് ബാങ്ക് അധികൃതര്‍ അവ മാറ്റിനല്‍കിയത്. ഇത് ഓരോ ഇടപാടുകാരനും നോട്ട് മാറ്റിനല്‍കാന്‍ കൂടുതല്‍ സമയമെടുത്തു.
അതിനിടെ, ഇന്നലെയും എ.ടി.എമ്മുകള്‍ ജനങ്ങള്‍ക്ക് പ്രയോജനമില്ലാതായി. പല എ.ടി.എമ്മുകളും രാവിലെ പത്തിന് മുന്‍പുതന്നെ കാലിയായി. പരമാവധി 2000 രൂപയാണ് എ.ടി.എം വഴി ലഭിക്കുന്നത്. നൂറിന്റെ 20 നോട്ടുകള്‍ വീതമാണ് ഒരു ഇടപാടുകാരന് എ.ടി.എമ്മുകള്‍ നല്‍കേണ്ടത്. അതിനാല്‍ എ.ടി.എമ്മുകള്‍ കാലിയാകാന്‍ അധികസമയം വേണ്ടിവന്നില്ല. 500ന്റെ പുതിയ നോട്ടുകള്‍ എത്തുന്നതുവരെ പ്രതിസന്ധി തുടരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
പണം മാറ്റാന്‍ എത്തുന്നവര്‍ ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ രേഖപ്പെടുത്താന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു കാര്‍ഡ് നമ്പര്‍ രണ്ടുവട്ടം നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ ആവര്‍ത്തനം ചൂണ്ടിക്കാട്ടും. എന്നാല്‍, ഒരിക്കല്‍ പണം മാറ്റിയ ആള്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ സോഫ്റ്റ്‌വെയറിന് തിരിച്ചറിയാന്‍ കഴിയില്ല. സോഫ്റ്റ്‌വെയര്‍ വഴി ശേഖരിക്കുന്ന വിവരം ബാങ്കുകള്‍ തമ്മില്‍ പങ്കുവയ്ക്കാത്തതിനാല്‍ ഒരാള്‍ ഒരു തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് പല ബാങ്കുകളില്‍ എത്തിയാലും പിടികൂടാനാകില്ല. ഇത്തരം പഴുതുകള്‍ മുന്നില്‍ക്കണ്ട് എല്ലാ ബാങ്കുകളും കൗണ്ടറുകളില്‍ കാമറ നിരീക്ഷണം ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ഏതാണ്ട് ഒരു ലക്ഷം കോടിയിലധികം പഴയ നോട്ടുകള്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയിട്ടുണ്ട്. എസ്.ബി.ഐയില്‍ മാത്രം 60,000 കോടി എത്തിക്കഴിഞ്ഞു. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും സബ് പോസ്റ്റ് ഓഫിസുകളും ഇന്നും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."