മന്ത്രിയെ കാണാനെത്തിയ സാമൂഹ്യപ്രവര്‍ത്തകയെ ഉപദ്രവിച്ചതായി പരാതി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ സന്ദര്‍ശിച്ചു പരാതി നല്‍കാനായി എത്തിയ സാമൂഹ്യപ്രവര്‍ത്തകയെ പൊലീസ് ഉപദ്രവിച്ചതായും മാനോരോഗിയാക്കാന്‍ ശ്രമിച്ചതായും പരാതി.
ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സെക്രട്ടറിയും,അവാര്‍ഡ് ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണ് ശ്രീഹരിനിലയത്തില്‍ പി.എം. വീണാമണി (35)യാണ് പൊലീസ് ഉപദ്രവിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിനു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനിടെ പൊലീസിന്റെയും മറ്റു ചിലരുടേയും ആക്രമണത്തിന് ഇരയായ താന്‍ ഇതു സംബന്ധിച്ചു നീതി കിട്ടണമെന്ന് ആവശ്യപ്പെടാനാണു മന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയത്. മൂകാംബികയില്‍ പൊലിസ് തന്നെ സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 16,800 രൂപയും 13,000 രൂപ വിലവരുന്ന മൊബൈല്‍ഫോണും അവര്‍ കൈക്കലാക്കി. ഇതു സംബന്ധിച്ചു കണ്ണുര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എസ്.പിയെ കണ്ടെങ്കിലും നീതി ലഭിച്ചില്ല. തുടര്‍ന്ന് നാട്ടുകാരി കൂടിയായ മന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് മാധ്യമങ്ങളെ കാണാനായി നില്‍ക്കുമ്പോള്‍ മഫ്ടിയിലെത്തിയ പൊലീസുകാര്‍ കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഒരു മനോരോഗ ഡോക്ടറുടെ അടുക്കല്‍ എത്തിക്കുകയുമായിരുന്നു.തുടര്‍ന്നു മെഡിക്കല്‍ കോളജിലെ ഒരു ലേഡി ഡോക്ടര്‍ തനിക്കു മാനസികരോഗമാണെന്നു കാട്ടി സര്‍ട്ടിഫിക്കറ്റു നല്‍കുകയും കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ തന്നെ മുന്‍പരിചയമുണ്ടായിരുന്ന ജഡ്ജി പൊലീസുകാരെ ശാസിച്ചശേഷം പറഞ്ഞയക്കുകയായിരുന്നു.അതോടെയാണ് പൊലീസ് പിന്‍വാങ്ങിയത്. കണ്ണൂര്‍ എസ്.പിയുടെ നിര്‍ദേശപ്രപകാരമാണു പൊലീസ് തന്നെ ഉപദ്രവിക്കുന്നതെന്നു സംശയിക്കുന്നതായി വീണാമണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."