പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച: 26 പവന് മോഷണം പോയി
കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി. പെരിയ ബസാറിന് സമീപത്തെ പൂക്കളം വയറവള്ളിയിലെ ദുര്‍ഗാ പ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 26 പവന് സ്വര്‍ണം മോഷണം പോയി.
മര്‍ച്ചന്റ് നേവി ജീവനക്കാരനായ ദുര്‍ഗാപ്രസാദും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം വീട്പൂട്ടി പരപ്പയിലുള്ള കുടുംബ വീട്ടിലേക്കു പോയിരുന്നു. ശനിയാഴ്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീട്ടിലെ കട്ടിലിനടിയില്‍ ബാസ്ക്കറ്റില് സൂക്ഷിച്ച് വച്ചതായിരുന്നു സ്വര്‍ണം. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. കിടപ്പു മുറിയിലെ അലമാരകള്‍ ഉള്‍പ്പെടെ തുറന്ന് ഇതിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. കവര്‍ച്ച നടന്ന വീടിന്റെ അയല്പക്കത്തുള്ള വീട്ടിലെ പിക്കാസ് കാണാതായതായി പറയുന്നു. ഇത് ഉപയോഗിച്ച് കവര്‍ച്ച നടന്ന വീടിന്റെ വാതില്‍ തകര്‍ത്തതായാണ് പൊലിസിന്റെ നിഗമനം. കാഞ്ഞങ്ങാട്ടെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണം ഒരു ബന്ധുവിന്റെ കല്യാണ ചടങ്ങിന് പോകുന്നതിന് വേണ്ടിയാണ് ഇവര്‍ എടുത്തത്. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍, ബേക്കല്‍ സി.ഐ വിശ്വന് എന്നിവര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും, പൊലിസ് നായയും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുന്‍പ് പെരിയ ബസ് സ്റ്റാന്റ് പരിസരത്തെ മൂന്നു കടകളില്‍ കവര്‍ച്ച നടന്നിരുന്നു. എന്നാല്‍ കടക്കാര് പരാതി നല്കാത്തതിനാല് പൊലിസ് കേസെടുത്തിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീട് തകര്‍ത്ത് വീണ്ടും കവര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."