സര്‍, ഇനി ഞങ്ങളെന്തു ചെയ്യും...
കൊച്ചി: 'സര്‍, ഇനി ഞങ്ങളെന്തു ചെയ്യും, എന്റെയും ഭര്‍ത്താവിന്റെയും മകന്റെയും ജോലി പോയി. ഇന്ന് ഭക്ഷണം കഴിച്ചിട്ടില്ല. നാലു ദിവസമായി 500, 1000 രൂപ നോട്ടുകളുമായി തേവര മുതല്‍ മേനക വരെ നടക്കുന്നു. ചില്ലറയില്ലാത്തതിനാല്‍ ബസില്‍ പോലും കയറാന്‍ സാധിക്കുന്നില്ല. പണം മാറി നാട്ടില്‍ പോകാമെന്നുകരുതിയാല്‍ അതും നടക്കുന്നില്ല. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടുപോലും രണ്ടു ദിവസമായി' - കൂലിപ്പണിക്കാരിയായ തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശി മാരിയമ്മയ്ക്ക് ധനമന്ത്രി തോമസ് ഐസക്കിനുമുന്നില്‍ ആവലാതികള്‍ പറഞ്ഞുതീര്‍ത്തപ്പോള്‍ തെല്ലൊരാശ്വാസം. എറണാകുളം മഹാരാജാസ് കോളജില്‍ ബ്ലൈന്‍ഡ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം എ.ടി.എമ്മുകള്‍ക്ക് മുന്നിലെത്തിയതായിരുന്നു മന്ത്രി. എസ്.ബി.ഐ ബ്രോഡ്‌വേ ബ്രാഞ്ചിനോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് മന്ത്രി എത്തിയത്.
മാരിയമ്മ പറഞ്ഞതെല്ലാം മന്ത്രി കേട്ടുനിന്നു. എന്നാല്‍, എന്ത് പോംവഴി പറയണമെന്ന് മന്ത്രിക്കും നിശ്ചയമില്ല. നോട്ട് പിന്‍വലിക്കല്‍ നിലവില്‍വന്നതോടെയാണ് ഇവരുടെ ജോലി പോയത്. മാരിയമ്മ ആറായിരത്തിന്റെ ആയിരവും അഞ്ഞൂറും നോട്ടുകളുമായി എ.ടി.എമ്മിലെത്താന്‍ തുടങ്ങിയിട്ട് നാലുദിവസമായി. തുടര്‍ന്ന് ഇന്നലെ നാലായിരം രൂപ ബാങ്കില്‍ വച്ച് മാറിലഭിച്ചിരുന്നു. നോട്ടുകള്‍ മാറിക്കിട്ടിയപ്പോള്‍ ഇനി ബാക്കി രണ്ടായിരം എപ്പോള്‍ മാറിക്കിട്ടുമെന്നായി മാരിയമ്മ. അത്രയെങ്കിലും മാറിക്കിട്ടിയില്ലേ എന്ന മന്ത്രിയുടെ മറുപടികേട്ടപ്പോള്‍ ചുറ്റും കൂടിനിന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചിരി അടക്കാനായില്ല. ഒപ്പം മന്ത്രിയും ചിരിച്ചു. വരിയില്‍ നിന്നവര്‍ മന്ത്രിയോട് തങ്ങള്‍ ദിവസങ്ങളായി അനുഭവിക്കുന്ന ദുരിതം പങ്കുവച്ചു. എ.ടി.എമ്മിനു മുന്നില്‍ ക്യൂ നിന്നവരെ കണ്ടതിനുശേഷം ബ്രാഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.ഗോപുവിനെയും കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."